ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലും മൂന്ന് മലയാളികള്‍ കുടുങ്ങിയതായി സൂചന

By mathew.21 07 2019

imran-azhar


മലപ്പുറം: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത 'ഗ്രേസ്-1' എന്ന ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികള്‍ കുടുങ്ങിയതായി സൂചന. ഇറാനിലെ ഗ്രേസ്-1 കമ്പനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27) ആണ് കപ്പലില്‍ കുടുങ്ങിയവരിലൊരാള്‍. ഗുരുവായൂര്‍, കാസര്‍കോട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മല്‍ ബന്ധുക്കളെ അറിയിച്ചു.

രണ്ടാഴ്ച മുമ്പാണ് സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍, ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് മാറി, ഗ്രേസ്1 ഇറാനിയന്‍ ടാങ്കര്‍, റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കല്‍ എന്നാണ് വിശദീകരണം.

30 ദിവസം കൂടി ഈ കപ്പല്‍ തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടു പിന്നാലെയാണ് ഇറാന്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ 'സ്റ്റെന ഇംപറോ' പിടിച്ചെടുത്തത്. ഈ കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മല്‍ 'സ്റ്റെന ഇംപറോ'യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.

എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലില്‍ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

OTHER SECTIONS