മലയാളി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ മുങ്ങി മരിച്ചു

By Online Desk .13 08 2019

imran-azhar

 

 

വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ബ്ലൂ എയ്ഞ്ചല്‍ ഷോ കാണുന്നതിനിടെ മലയാളി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ മാണിക്കലാല്‍ സുബ്രഹ്മണ്യന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. ഏഴു വയസുള്ള മകനൊപ്പം വാഷിംഗ്ടണിലെ തടാകത്തില്‍ നീന്തുന്നതിനിടെ സുബ്രഹ്മണ്യത്തിനു ഹൃദയാഘാതം ഉണ്ടായതാണു മരണകാരണമെന്നാണു സൂചന. വെള്ളിയാഴ്ചയാണ് സംഭവം. യുഎസ് വ്യോമസേനയുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ ബ്ലൂ എയ്ഞ്ചല്‍സ് ഷോ കാണാനെത്തിയതായിരുന്നു സുബ്രഹ്മണ്യവും കുടുംബവും. സിയറ്റിലെ ലേക്ക് വാഷിംഗ്്ടണില്‍ ആകാശദൃശ്യം വീക്ഷിക്കുന്നതിനിടെയാണ് സുബ്രഹ്മണ്യന്‍ അപകടത്തില്‍പ്പെട്ടത്. തടാകത്തില്‍ നീന്തുന്നതിനിടെ അച്ഛനെ കാണാനില്ലെന്ന മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ആളുകള്‍ സുബ്രഹ്മണ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അബോധാവസ്ഥയിലായ സുബ്രഹ്മണ്യം പത്തു മിനിറ്റോളം വെള്ളത്തില്‍ മുങ്ങിക്കിടന്നെന്നാണു റിപ്പോര്‍ട്ട്.


ഭാര്യയും ഏഴു വയസ്സുള്ള മകനുമാണ് സുബ്രഹ്മണ്യനൊപ്പം ഉണ്ടായിരുന്നത്. ഭാര്യ ആശ എട്ട് ആഴ്ച ഗര്‍ഭിണിയാണ്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് കുഴഞ്ഞുവീണ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുബ്രഹ്മണ്യത്തിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ എത്തിക്കും. കായംകുളത്താണ് സുബ്രഹ്മണ്യത്തിന്റെ വീട്. ഇദ്ദേഹത്തിന്റെ അമ്മ അവിടെ ഒറ്റയ്ക്കാണു താമസിക്കുന്നത്. യുഎസ് നേവി വിമാനങ്ങള്‍ ആകാശത്തിലൂടെ വേഗത്തിലും വ്യത്യസ്ഥതയിലും സഞ്ചരിക്കുന്ന കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കാണാന്‍ അവസരമൊരുക്കുന്ന പരിപാടിയാണ് ബ്ലൂ എയ്ഞ്ചല്‍ ഷോ. നിരവധി ആളുകളാണ് കൗതുകമേറിയ കാഴ്ച കാണാന്‍ ലേക്ക് വാഷിംഗ്ടണില്‍ എത്തുന്നത്.

OTHER SECTIONS