മാലിന്യങ്ങളാല്‍ നിറഞ്ഞ് ജില്ലയിലെ തീരദേശം

By mathew.20 06 2019

imran-azhar

തിരുവനന്തപുരം: ജില്ലയിലെ തീരദേശ പ്രദേശങ്ങള്‍ മുമ്പെങ്ങും ഇല്ലാതിരുന്ന പോലെ മലിനമായിക്കൊണ്ടിരിക്കുന്നു. കോവളം തീരത്ത് വന്നടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മീന്‍വല മുതലായ അജൈവ മാലിന്യങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് എന്ന എന്‍ജിഒ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ചൊവ്വാഴ്ച അതിരാവിലെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെ വലിയ തോതിലുള്ള മാലിന്യമാണ് വേലിയേറ്റത്തെ തുടര്‍ന്ന് തീരത്തടിഞ്ഞിരിക്കുന്നത്. രണ്ട് ടണ്ണോളം വരുന്ന ചാക്കുകളും, പ്ലാസ്റ്റിക്കുകളും, തുണികളും, 20000ത്തോളം പ്ലാസ്റ്റിക് കുപ്പികളുമാണ് സംഘം തീരത്ത് നിന്ന് കണ്ടെടുത്തത്.
പ്രശ്‌നം പരിഹരിക്കുന്നതിന് എന്‍ജിഒയുടെയും, നാട്ടുകാരുില്‍ ചിലരുടെയും ഭാഗത്ത് നിന്നല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല. നഗരസഭാ ജോലിക്കാര്‍ കടല്‍ പരിസരം ശുചിയാക്കുമെങ്കിലും, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്താറില്ലെന്ന് എന്‍ജിഒ സ്ഥാപകനും ചീഫ് കോര്‍ഡിനേറ്ററുമായ റോബര്‍ട്ട് പണിപ്പിള പറഞ്ഞു.
എന്നാല്‍, ബുധനാഴ്ച നഗരസഭ ജോലിക്കാരും ശുചിയാക്കല്‍ യജ്ഞത്തില്‍ പങ്കാളികളായിരുന്നു. ഏതാണ്ട് 75 ശതമാനത്തോളം മാലിന്യങ്ങള്‍ നീക്കം ചെയ്തതായും, മാലിന്യങ്ങളുടെ അളവ് കൂടുന്നതിനാല്‍ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതായും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ വ്യക്തമാക്കി.

 

OTHER SECTIONS