ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി ഐആര്‍സിടിസി

By mathew.22 07 2019

imran-azhar


ചെന്നൈ: ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതാ പഠനത്തിനൊരുങ്ങി ഐ.ആര്‍.സി.ടി.സി. ആധുനിക സൗകര്യങ്ങളോട് കൂടിയ തേജസ് സര്‍വ്വീസ് ചെന്നൈ-മധുര റൂട്ടില്‍ ഓടിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. ദക്ഷിണേന്ത്യയില്‍ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കാനും സാധ്യതാ പഠനം നടത്തുമെന്ന് ഐ.ആര്‍.സി.ടി.സി വൃത്തങ്ങള്‍ അറിയിച്ചു.

വടക്കേ ഇന്ത്യയില്‍ ഡല്‍ഹി-ലഖ്നൗ, ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം നടന്നുവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ യാത്രസൗകര്യം എര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നത്. റെയില്‍വേ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ ബിബേക് ദേബ്‌റോയിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവര്‍ 2015 മാര്‍ച്ചില്‍ സമര്‍പ്പിച്ച പത്ത് ശുപാര്‍ശകളിലൊന്നാണ് സ്വകാര്യ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുകയെന്നത്.


യാത്രികര്‍ക്ക് വേഗത്തിലും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന വിധത്തില്‍ റെയില്‍വേ നവീകരിക്കണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. തുടക്കമെന്ന നിലയ്ക്കാണ്് ഇവ ആരംഭിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് ഐ.ആര്‍.സി.ടി.സി കോച്ചുകള്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കും. അടുത്ത പഠനം ചെന്നൈ-മധുര റൂട്ടിലാണ് നടത്തുക. തുടര്‍ന്ന് ഹൗറ-പുരി റൂട്ടിലാവും പഠനം. അടുത്ത ഘട്ടത്തില്‍ ഡല്‍ഹി-ചണ്ഡീഗഢ്, മുംബൈ-ഷിര്‍ദി, തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സ്വകാര്യ സര്‍വീസിനുള്ള സാധ്യതകള്‍ ആരായും.

 

 

OTHER SECTIONS