ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

By Anju N P.08 Aug, 2018

imran-azhar

ഗസ സിറ്റി: ഗസയ്ക്കു നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഗസയ്ക്കെതിരേ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നാണ് ഹമാസിന്റെ ആരോപണം. എന്നാല്‍ ടാങ്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നും വ്യോമാക്രമണം നടത്തിയിട്ടില്ലെന്നുമാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

 


23 വയസ്സുകാരായ അഹ്മദ് മുര്‍ജാന്‍, അബ്ദുല്‍ ഹാഫിസ് അല്‍ സിലാവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് പറഞ്ഞു. വടക്കന്‍ ഗസയിലെ ബെയ്ത്ത് ലെഹിയ പട്ടണത്തിനു നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. യു.എന്‍ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണിതെന്നും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് മുഷീര്‍ അല്‍ മസ്രി പ്രസ്താവനയില്‍ പറഞ്ഞു.