By വി ഡി ശെൽവരാജ്.23 03 2020
തിരുവനന്തപുരം : ഐ.എസ്.ആര്.ഒ. ('ഇസ്രോ') ചെയര്മാന് മുകളില്‍ ബഹിരാകാശ വകുപ്പ് സെക്രട്ടറിയെ നിയമിച്ച് സ്ഥാപനം സ്വന്തം ഭ്രമണപഥത്തിലാക്കാന് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവില്‍ ഐ.എസ്.ആര്.ഒ. ചെയര്‍മാനാണ് വകുപ്പു സെക്രട്ടറി. 50 വര്‍ഷമായി തുടരുന്ന ഈ ഇരട്ടപ്പദവിപാരമ്പര്യത്തിന്റെ കണ്ണിമുറിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നീക്കമെന്നറിയുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനാകും തലപ്പത്ത് എത്തുക. ഇതോടെ സിവില്‍ സര്‍വീസ് വിഭാഗത്തിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാകും 'ഇസ്രോ'. ഐ.എസ്.ആര്.ഒ. ചെയര്മാന് എന്നൊരു പദവി തന്നെ സര്‍ക്കാര്‍ വകുപ്പ് പ്രകാരം നിലവിലില്ലെന്നാണ് വിഭജനനീക്കത്തിനായി കരുനീക്കുന്നവര്‍ രേഖകള്‍ കാട്ടി വ്യക്തമാക്കുന്നത്.
ബഹിരാകാശവകുപ്പ് സെക്രട്ടറി, സ്പേസ് കമ്മീഷന് ചെയര്മാന് എന്നീ പദവികളിലേക്കാണ് ഒറ്റനിയമനം. ഐ.എസ്.ആര്.ഒയുടെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരില്‍ സീനിയോറിറ്റിയും യോഗ്യതയും ഉള്ള ആളെയാണ് ഇരട്ടപ്പദവിയിലേക്ക് തിരഞ്ഞെടുക്കുക. കേന്ദ്രകാബിനറ്റിന്റെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി സെക്രട്ടറിയാണ് നിയമനഉത്തരവ് പുറപ്പെടുവിക്കുന്നത്. ഒറ്റവരിമാത്രമുള്ള ഉത്തരവില്‍ ഒരിടത്തും ഐ.എസ്.ആര്.ഒ. ചെയര്‍മാനായി നിയമിക്കുന്നു എന്നു പറയുന്നില്ല.
ഇതോടെ 'ഇസ്രോ'യും പ്രധാനമന്ത്രിയുടെ ഓഫീസുമായി തുടരുന്ന ശീതസമരം മറനീക്കി. മാര്‍ച്ച് 5ന് ശ്രീഹരികോട്ടയില്‍ നടക്കാനിരുന്ന ജിസാറ്റ് ഉപഗ്രഹവിക്ഷേപണം 4ന് ഉച്ചയ്ക്ക് കൗണ്ട്ഡൗണ്‍ തുടങ്ങുന്നതിന് 10മിനിറ്റ് മുമ്പ് ഒരു ഫോണ്‍വിളിയിലൂടെ റദ്ദാക്കി 'ഇസ്രോ'യെ പ്രധാനമന്ത്രിയുടെ ഓഫീസ് ഞെട്ടിച്ചു. വിക്ഷേപണത്തിന് നേതൃത്വം നല്കാന് ബംഗളുരുവിലെ ആസ്ഥാനത്തുനിന്നെത്തിയ ചെയര്മാന് ഡോ. ശിവന് ഇതേ ത്തുടര്‍ന്ന് സ്തബ്ധനായി കടുത്ത നിരാശയില്‍ വൈകിട്ട് തന്നെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മടങ്ങി.
18 ദിവസം പിന്നിട്ടിട്ടും ഈ സംഘര്ഷത്തിനയവില്ല. ഭാവി പരിപാടി എന്തെന്ന് നിശ്ചയമില്ലാത്ത അവസ്ഥ 'ഇസ്രോ' കേന്ദ്രങ്ങളില്‍ തുടരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരം ഏപ്രില്‍ 6നും 24നും ശ്രീഹരിക്കോട്ടയില്‍ നിന്നും പി.എസ്.എല്‍.വി. വിക്ഷേപണം നടക്കേണ്ടതുണ്ട്. ഇത് രണ്ടും നടക്കാനിടയില്ലെന്നാണ് സൂചന. പുതിയ പദവിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്നും കൊറോണക്കാലം കടന്നു പോകും മുമ്പ് ലക്ഷ്യത്തിലെത്തുമെന്നുമാണ് 'ഇസ്രോ'യില്‍ അടക്കിപ്പിടിച്ച വര്‍ത്തമാനം.