ഐടി നഗരത്തിന് ഹൈടെക് സര്‍ക്കാര്‍ സ്‌കൂള്‍

By online desk.22 07 2019

imran-azhar

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മാറുന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന, പഴക്കമുള്ള കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ക്ലാസ് മുറികളും ഇനി പഴങ്കഥ. ഐടി നഗരമായ കഴക്കൂട്ടത്തെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഹൈടെക്കായത്. ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സ്‌കൂളിനെ നവീകരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കഴക്കൂട്ടത്തിന് അഭിമാനിക്കാവുന്ന ഹൈടെക് സ്‌കൂളായി കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാറും. വികസനപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

 

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 5.5 കോടി ചെലവിട്ടാണ് സ്‌കൂള്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. പുതിയ കെട്ടിടങ്ങളും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതിനായി ഈ തുക ചെലവഴിക്കും. പുതിയ കെട്ടിടങ്ങള്‍, ലാബുകള്‍, ഹൈടെക്ക് ക്ലാസ് മുറികള്‍, ലൈബ്രറി, ടോയിലറ്റ് ബ്ലോക്ക് തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്.

 

അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്തുന്നതിന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിറകടുപ്പ് പുര, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍, ബയോഗ്യാസ് പ്ലാന്റ്, ഫര്‍ണീച്ചറുകള്‍ എന്നിവ കൂടി ഒരുക്കും. ഇതിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടി സ്‌കൂള്‍ വികസന സമിതി കഴക്കൂട്ടത്ത് നടത്തിയ ക്യാമ്പയിനില്‍ ഒരു മണിക്കൂറിനുള്ളില്‍ 11 ലക്ഷം രൂപയും 30 മേശയും 100 കസേരയും ശേഖരിച്ചു. ക്യാമ്പയിനില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തു. കഴക്കൂട്ടത്തെ വ്യാപാരികളും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് സഹായവുമായി മുന്നോട്ട് വന്നത്. ഒരു മാസത്തെ ശമ്പളം മന്ത്രിയും സ്‌കൂള്‍ വികസന ഫണ്ടിലേക്കുനല്‍കി.

 

ഒന്നാം ഘട്ടമായി പ്രൈമറി ക്ലാസ് നടക്കുന്ന ശ്രീനാരായണ ഗുരു ബ്ലോക്കില്‍ ഒരു നില ക്ലാസ് മുറികള്‍ പുതുതായി പണിതു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കുമാരനാശാന്‍ ബ്ലോക്കില്‍ എട്ട് ക്ലാസ് മുറികള്‍ പുതുതായി നിര്‍മ്മിച്ചു. നിലവിലെ മറ്റ് ക്ലാസ് മുറികള്‍ ടൈലുകള്‍ പാകി നവീകരിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമി ബ്ലോക്കില്‍ ആറു ക്ലാസ് മുറികളും കിച്ചണും ഡയനിംഗ് ഹാളും ടോയിലറ്റ് സൗകര്യവും ഒരുക്കി. സ്‌കൂള്‍ വികസന ക്യാമ്പയിനിലൂടെ ലഭിച്ച 30 മേശയും 100 കസേരകളും ഈ ഡൈനിംഗ് ഹാളില്‍ സജ്ജീകരിച്ചു. ഒരു ആധുനിക അടുക്കള കൂടി ഇവിടെ സ്ഥാപിക്കും. സ്‌കൂളില്‍ നിലവിലുണ്ടായിരുന്ന രാമാനുജന്‍, അയ്യങ്കാളി ബ്ലോക്കുകളും നവീകരിച്ചു. മനോഹരമായ ഒരു ഓപ്പണ്‍ സ്റ്റേജ് പുതുതായി നിര്‍മ്മിച്ചു. സ്റ്റേജിന് മുകളിലായി 2 ക്ലാസ് മുറികളും നിര്‍മ്മിക്കും. പ്രധാന ഇരുനില കെട്ടിടമായ സി.വി രാമന്‍ ബ്ലോക്കിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

 

 

OTHER SECTIONS