നീണ്ട പേടിസ്വപ്‌നത്തിന് അവസാനമായിരിക്കുന്നു, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിര്‍ത്തി-ശശി തരൂർ

By സൂരജ് സുരേന്ദ്രന്‍.18 08 2021

imran-azhar

 

 

ന്യൂ ഡൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ നന്ദി പറഞ്ഞ് എം.പി ശശി തരൂർ. "സുനന്ദയുടെ ദാരുണമായ മരണത്തിന് പിന്നാലെ തന്നെ ചുറ്റിപ്പറ്റി ഉയര്‍ന്ന നീണ്ട പേടിസ്വപ്‌നത്തിന് അവസാനമായിരിക്കുന്നു.

 

നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ക്ഷമയോടെ നേരിട്ടു" വിധി വന്നതിന് ശേഷം തരൂർ പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്. ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

 

തരൂരിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്.

 

വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നും തരൂർ വാദിച്ചു.

 

ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല.

 

ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

 

OTHER SECTIONS