ജമാല്‍ ഖഷോഗി കൊലപാതക കേസ്; സൗദി കിരീടാവകാശിയുടെ പങ്ക് വെളിപ്പെടുത്തുന്നതിന് ശക്തമായ തെളിവ്‌

By mathew.20 06 2019

imran-azhar


ജനീവ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വെളിപ്പെടുത്തുന്ന വിശ്വസനീയമായ തെളിവുള്ളതായി ഐക്യരാഷ്ട്ര സംഘടന (യുഎന്‍) പ്രത്യേക അന്വേഷക ആഗ്‌നസ് കലമാഡിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചു ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മുന്‍കയ്യെടുത്തുള്ള രാജ്യാന്തര അന്വേഷണം വേണമെന്നും നിര്‍ദേശമുണ്ട്.
കൂടുതല്‍ അന്വേഷണം വേണമെന്നത് ശരിവയ്ക്കും തരത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമാണെന്നു കലമാഡ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീന ശക്തിയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ഖഷോഗി ഭയപ്പെട്ടിരുന്നെന്നുമുള്ളതിന് തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തിന്റെ വിഡിയോ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യാവകാശങ്ങളിലൂന്നിയുള്ള സ്വതന്ത്ര അന്വേഷണം ഖഷോഗി വധക്കേസില്‍ നടത്താനാണ് ആഗ്‌നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്. ഔദ്യോഗികമായി യുഎന്നിനെ പ്രതിനിധാനം ചെയ്യാതെ, സ്വതന്ത്ര നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. ഖഷോഗി കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് നിഷേധിച്ചിരുന്നു. കൊല നടത്തിയതിന് കസ്റ്റഡിയിലുളള 12 പേരടങ്ങുന്ന സംഘത്തില്‍ 5 പേര്‍ക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ സൗദി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സൗദിയിലെ വിചാരണ സുതാര്യമല്ലെന്നും ഖഷോഗിയെ കൊലപ്പെടുത്താന്‍ നിയോഗിച്ച 15 അംഗ സംഘത്തിലെ 11 പേരുടെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്നും ആഗ്‌നസ് പറയുന്നു.

 

OTHER SECTIONS