രണ്ടാം ലോകമാഹായുദ്ധത്തിലെ ജപ്പാന്റെ കംഫര്‍ട്ട് വിമണ്‍സ്

By online desk .10 12 2019

imran-azhar

 

 

രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും ജപ്പാന്‍ സൈന്യം ഏറെ വീറോടെ പോരാടിയ ഒരു യുദ്ധമായിരുന്നു അത്. 1939 സെപ്റ്റംബര്‍ ഒന്നു മുതല്‍, 1945 സെപ്റ്റംബര്‍ രണ്ടു വരെ, ആറു വര്‍ഷവും ഒരു ദിവസവും നീണ്ടുനിന്ന ആ 'മഹാ'യുദ്ധത്തിനിടെ സൈനിക മേധാവികള്‍ ഗവണ്‍മെന്റിനെ ഒരു വിശേഷപ്പെട്ട ആവശ്യമറിയിച്ചു. യുദ്ധത്തിനിടെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന തങ്ങളുടെ സൈനികരുടെ ലൈംഗിക തൃഷ്ണകള്‍ ശമിപ്പിക്കാന്‍ വേണ്ടി, അവര്‍ക്ക് രതിയില്‍ ഏര്‍പ്പെടാന്‍ വേണ്ടി സന്നദ്ധരായ 'കംഫര്‍ട്ട് വിമണ്‍'നെ തിരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് പറഞ്ഞുവിടണം. ക്യോഡോ ന്യൂസ് ആണ് ജാപ്പനീസ് ക്ളാസിഫൈഡ് രേഖകള്‍ പരിശോധിച്ച് പുതിയവിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയത്. ഈ രേഖകള്‍ പ്രകാരം, ഒരു ലൈംഗിക അടിമയ്ക്ക് 70 സൈനികര്‍ എന്നായിരുന്നു കണക്ക്.


ഏപ്രില്‍ 2017 മുതല്‍ മാര്‍ച്ച് 2019 വരെയുള്ള കാലയളവില്‍ കണ്ടെടുക്കപ്പെട്ട 23 രേഖകളാണ് ഇവ. ഇതില്‍ ജാപ്പനീസ് കോണ്‍സുലേറ്റുകളും മറ്റുരാജ്യങ്ങളുടെ എംബസികളും തമ്മിലുള്ള രഹസ്യ സമ്പര്‍ക്കങ്ങളുടെ രേഖകളുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തേതാണ് ഈ കത്തിടപാടുകള്‍. ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ ഒരു പ്രധാന ഹേതു ഈ കംഫര്‍ട്ട് ഗേള്‍സ് തന്നെയാണ്. ജപ്പാന് പുറമേ അക്കാലത്ത് ജപ്പാന് സ്വാധീനശക്തിയുണ്ടായിരുന്ന ദക്ഷിണ കൊറിയ, തായ്വാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അന്ന് ഈ ലൈംഗിക അടിമകളെ നിര്‍ബന്ധിച്ച് സൈനികരുടെ ലൈംഗികദാഹം ശമിപ്പിക്കാന്‍ വേണ്ടി പറഞ്ഞയച്ചിരുന്നത്. 1993ല്‍ മനുഷ്യത്വരഹിതമായ ഈ യുദ്ധകാല സംവിധാനത്തിന്റെ പേരില്‍, സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരില്‍ ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഹോ കോനോ, ദക്ഷിണ കൊറിയയോടും അവിടത്തെ സ്ത്രീകളോടും നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ക്യോഡോ പരസ്യപ്പെടുത്തിയ ഒരു രേഖയില്‍, ജിനാനിലെ കോണ്‍സുല്‍ ജനറല്‍, ജപ്പാനിലെ അന്നത്തെ വിദേശകാര്യമന്ത്രിയോട് അറിയിച്ചത് ഇപ്രകാരമാണ്,' ജപ്പാന്റെ അധിനിവേശം ഇവിടെ വേശ്യാവൃത്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് വന്ന 101 ഗെയ്ഷകള്‍, 201 കംഫര്‍ട്ട് വിമണ്‍, കൊറിയയില്‍ നിന്നുള്ള 228 കംഫര്‍ട്ട് വിമണ്‍. ഇത്രയും പേരുണ്ട് ഇവിടെ ഇപ്പോള്‍. ഏപ്രിലോടെ 500 സ്ത്രീകളുടെ കൂടി സേവനം ഇവിടെ ആവശ്യമായി വരുമെന്ന് തോന്നുന്നു.'


ഗെയ്ഷകളും ലൈംഗിക സേവനത്തിനു വേണ്ടിത്തന്നെയാണ് എത്തിയിട്ടുണ്ടാവുക. എന്നാല്‍ അവരും കംഫര്‍ട്ട് വിമണും തമ്മിലുള്ള വ്യത്യാസം, ഗെയ്ഷകള്‍ സ്വന്തം ഇഷ്ടപ്രകാരം വന്നവരും മറ്റുള്ളവര്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായവരുമാണ്.'ഗെയ്ഷകള്‍ ' ക്വിഗാഡോയിലെ കൗണ്‍സല്‍ ജനറല്‍ അയച്ച മറ്റൊരു കമ്പിസന്ദേശത്തില്‍ ഇങ്ങനെ പറയുന്നുണ്ട്,' ഇപ്പോള്‍ ജപ്പാന്റെ ഇമ്പീരിയല്‍ ആര്‍മി പറയുന്നത് 70 സൈനികരെ സേവിക്കാന്‍ ഒരു ലൈംഗിക അടിമയെങ്കിലും വേണമെന്നാണ്. നേവിക്ക് ഇനിയും 150 ലൈംഗിക അടിമകളുടെയെങ്കിലും ആവശ്യമുണ്ട്.' എത്ര സ്ത്രീകള്‍ ഇങ്ങനെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് പ്രേരിതരായിട്ടുണ്ട് എന്നതിന് ഔദ്യോഗികകണക്കുകള്‍ ഒന്നുമില്ല എങ്കിലും ഏകദേശം നാലു ലക്ഷത്തോളം പേരെങ്കിലുമുണ്ടാവുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. സൈനികര്‍ അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ കാക്കാനും സൈനികര്‍ക്ക് ലൈംഗിക രോഗങ്ങള്‍ വരാതെ കാക്കാനുമാണ് വൈദ്യപരിശോധനകള്‍. ഇങ്ങനെ രോഗങ്ങള്‍ ഒന്നും ഇല്ല എന്നുറപ്പിച്ച്, ഈ ഒരു ഉദ്ദേശ്യം വച്ചുതന്നെയാണ് സ്ത്രീകളെ അന്ന് ജാപ്പനീസ് സൈന്യം ലൈംഗിക അടിമകളായി നിയോഗിച്ചിരുന്നത്. ഈ സ്ത്രീകളില്‍ പലരെയും സൈന്യം അവരുടെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുവന്നിട്ടുള്ളതാണ്. ചിലരെയൊക്കെ ഫാക്ടറികളിലും ഹോട്ടലുകളിലും ഒക്കെ ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നതാണ്. ചിലരെ പറഞ്ഞു പറ്റിച്ചത് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കാമെന്ന്് വാഗ്ദാനം നല്‍കിയാണ്. ജാപ്പനീസ് ഔട്ട് പോസ്റ്റുകളില്‍ നഴ്സുമാരുടെ വേക്കന്‍സി ഉണ്ടെന്നു പറഞ്ഞു കൊണ്ടുള്ള വ്യാജപരസ്യങ്ങള്‍ക്കും അന്ന് പല യുവതികളും ഇരയായി.


എന്നാല്‍ മേല്‍പ്പറഞ്ഞ എല്ലാ ജോലിവാഗ്ദാനങ്ങളും അവസാനിച്ചിരുന്നത് അവര്‍ പട്ടാളത്തിന്റെ കംഫര്‍ട്ട് പോസ്റ്റുകളില്‍ എത്തി, പട്ടാളക്കാരുടെ ലൈംഗിക അടിമകളായി സേവനമനുഷ്ഠിക്കാന്‍ നിര്‍ബന്ധിതരാകുന്നിടത്താണ്. ഇവരില്‍ പലരേയും യുദ്ധത്തില്‍ ജപ്പാന്‍ പരാജയം രുചിച്ചതോടെ, അമേരിക്കന്‍ സൈന്യവും സഖ്യശക്തികളും ചേര്‍ന്ന് ജപ്പാന്റെ സ്വാധീനത്തിലിരുന്ന പല പ്രദേശങ്ങളില്‍ നിന്നായി മോചിപ്പിക്കുകയായിരുന്നു. അങ്ങനെ, രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ഇമ്പീരിയല്‍ ആര്‍മി നടത്തിയിരുന്ന മനുഷ്യത്വരഹിതമായ ചൂഷണങ്ങളുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ രേഖകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

 

OTHER SECTIONS