ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്

By Abhirami Sajikumar.16 May, 2018

imran-azhar

റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടത്തിന് തിരശീല ഉയര്‍ന്നു കഴിഞ്ഞു, ഇത്തവണയും വേദി കര്‍ണാടകം തന്നെ. മാസങ്ങള്‍ക്ക് മുമ്ബ് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലും കര്‍ണാടകത്തില്‍ ഇതുകണ്ടിരുന്നു. എംഎല്‍എമാര്‍ ഒന്നൊന്നായി ബിജെപി പക്ഷത്തേക്ക് ഒഴുകിയതോടെ ശേഷിക്കുന്നവരെ കര്‍ണാടകത്തിലേക്ക് കയറ്റി അയച്ചാണ് അന്ന് കോണ്‍ഗ്രസ് രക്ഷപെട്ടത്.

അന്ന് 44 എംഎല്‍എമാരുടെ സംരക്ഷണ ദൗത്യം കോണ്‍ഗ്രസ് ഏല്‍പിച്ചത് ഊര്‍ജ്ജ മന്ത്രിയായിരുന്ന ഡികെ ശിവകുമാറിനെയായിരുന്നു. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെഹ് ലോട്ട് സിദ്ധരാമയ്യയെ വിളിച്ച്‌ താവളം ചോദിച്ചു. സിദ്ധു ആ ദൗത്യം ഡി കെ ശിവകുമാറിനെ ഏല്‍പിച്ചു.

സഹോദരനും ബെംഗളൂരു റൂറല്‍ എംപിയുമായ ഡി കെ സുരേഷിനെ ആദ്യം ചുമതല ഏല്‍പിച്ച ശിവകുമാര്‍ വൈകാതെ ദൗത്യം സ്വയം ഏറ്റെടുത്തു. ബിജെപിയുടെ അട്ടിമറി ശ്രമം മറികടന്ന് അങ്ങനെ അഹമ്മദ് പട്ടേല്‍ വീണ്ടും രാജ്യസഭയിലെത്തി.

ഇത്തവണ ബിജെപി വലിയ കക്ഷിയായിട്ടും ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പയറ്റിയ തന്ത്രം ബിജെപിയെ തകർത്തത്. അമിത് ഷായുടെ തന്ത്രങ്ങള്‍ നന്നായി അറിയുന്ന കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ അടുത്ത നീക്കത്തിനായി ചര്‍ച്ചകള്‍ തുടങ്ങി. പതിവു പോലെ ആ ദൗത്യം ഇത്തവണയും നേതൃത്വം ഏല്‍പിച്ചിരിക്കുന്നത് ഡികെ ശിവകുമാറിനെ തന്നെ. ഒരേ സമയം ജെഡിഎസിനൊപ്പം സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകളില്‍ സജീവമായിരിക്കുന്ന ശിവകുമാര്‍ സഹോദരന്‍ ഡിജെ സുരേഷിനൊട് റിസോര്‍ട്ട് രാഷ്ട്രീയത്തിനുള്ള ഒരുക്കം തുടങ്ങാന്‍ നിര്‍ദേശം നല്‍കി. ഗുജറാത്ത് എംഎല്‍എമാരെ പാര്‍പ്പിച്ച അതേ റിസോര്‍ട്ട തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്.

ഏറെക്കാലമായി പിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്ന ശിവകുമാര്‍ അത് കിട്ടാത്തതില്‍ നിരാശനാണ്. പകരം ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദത്തിലാണ് അദ്ദേഹത്തിന്റെ നോട്ടം. ഗുജറാത്ത് എംഎല്‍എമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ക്യാമ്ബിന്റെ മറുപടി. ഇത്തവണ കോണ്‍ഗ്രസ് നീക്കം ഫലം കണ്ടില്ലെങ്കില്‍ അടുത്ത തിരിച്ചടി  കണ്ട് തന്നെ അറിയാം

കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുമ്ബോള്‍ തങ്ങളുടെ പാളയത്തില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഭയക്കുന്ന ജെഡിഎസ് അവരുടെ എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞാലുടന്‍ എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ എത്തിക്കും. കൊച്ചിയിലെ ഹോട്ടലിലേക്കായിരിക്കും ഇവരെ എത്തിക്കുക.

ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡികെ ശിവകുമാര്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍. ആറ് ബിജെപി എംഎല്‍എമാരുമായി ഡികെ ശിവകുമാര്‍ ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.