ജിഷ കേസിലെ വിധി സര്‍ക്കാര്‍ നിലപാടുകള്‍ക്കുള്ള അംഗീകാരം : പിണറായി വിജയന്‍

By praveen prasannan.14 Dec, 2017

imran-azhar


തിരുവനന്തപുരം : സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ എടുക്കുന്ന നടപടിക്കുളള അംഗീകാരമാണ് ജിഷ കൊലക്കേസില്‍ കോടതിയുടെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ബലാല്‍സംഗം ചെയ്യുകയും കൊലചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്തി ശിക്ഷവാങ്ങി കൊടുക്കാന്‍ ഏറ്റവും വലിയ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്.

ഇടത് സര്‍ക്കാര്‍ ചുമതലയേറ്റയുടന്‍ എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. ഒരു സ്വാധീനത്തിനും വഴങ്ങാതെ അന്വേഷിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

പ്രതിയെ കണ്ടെത്തുന്നതിലും ശാസ്തീയമായി തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘവും കേസ് ഫലപ്രദമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനും വിജയിച്ചുവെന്നാണ് വിധിന്യായത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

OTHER SECTIONS