ജിഷ്ണുവിന്‍റെ മരണത്തില്‍ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

By Subha Lekshmi B R.13 Jan, 2017

imran-azhar

തൃശൂര്‍: പാന്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്‍റെ മരണത്തില്‍ ആരോപണ വിധേയരെ സസ്പെന്‍ഡ് ചെയ്തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍. വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരായ മാനേജ്മെന്‍റ് നടപടി ജിഷ്ണുവിന്‍റെ മരണത്തിലുള്ള കുറ്റസമ്മതമാണെന്നും ഇവര്‍ക്കെതിരേ കേസെടുക്കുംവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, കോളജ് പിആര്‍ഒ കെ.വി. സഞ്ജിത്ത്, അധ്യാപകന്‍ സി.പി. പ്രവീണ്‍ എന്നിവരെയാണു സസ്പെന്‍ഡ്ചെയ്തത്. വിദ്യാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്നു കോളജ് മാനേജ്മെന്‍റ് ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണു നടപടിയെന്നു കോളജ് മാനേജ്മെന്‍റിന്‍െറ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്‍െറ മരണത്തെക്കുറിച്ച്ഏതന്വേഷണത്തോടും പൂര്‍ണ്ണമായും സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്കു മുന്പാണ് ജിഷ്ണുവിനെ കോളജിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ചു പിടികൂടിയ കോളജ് മാനേജ്മെന്‍റ് വിദ്യാര്‍ഥിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും അപായപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങള്‍അന്വേഷിക്കുമെന്നു എഎസ്പി കിരണ്‍ നാരായണ്‍ വ്യക്തമാക്കി.