ജിഷ്ണു കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് മഹിജയുടെ കത്ത്

By Anju N P.13 Aug, 2017

imran-azhar

 

ജിഷ്ണു പ്രണോയി കേസില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് മഹിജയുടെ കത്ത്. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതിയോട് സിബിഐ നാലാഴ്ച കൂടി സമയം തേടിയിരുന്നു. കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായാണ് സൂചന. സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

 

ജിഷ്ണു കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ നിലവില്‍ കേസുകളുടെ ബാഹുല്യമുള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സിബിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. ജിഷ്ണു കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയില്‍ വിജ്ഞാപനം ഇറക്കിയ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് നിലപാട് അറിയിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

 

കോടതി അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി പോരെന്നും നാലാഴ്ച കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ മറുപടി നല്‍കിയ സാഹചര്യത്തിലാണ് സിബിഐ കേസ് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ജിഷ്ണുവിന്റെ കുടുംബം കത്തയച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് സൃഷ്ടിച്ചതടക്കമുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇതോടൊപ്പം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് സുപ്രീം കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചു.

 

OTHER SECTIONS