ജിഷ്ണുവിന്റെ മരണം ; ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്

By BINDU PP.16 Feb, 2017

imran-azhar

 

 

 


കൊച്ചി: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. അഞ്ച് ദിവസത്തേക്ക് കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണ്.


ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രേരണാക്കുറ്റം, ഗൂഢാലോചന തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകളാണ് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വടക്കാഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്ന സമയത്ത് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ സിപി പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, ബിബിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. തിങ്കളാഴ്ച പ്രതികളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് മനസിലാക്കിയ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.