By praveen prasannan.11 Jan, 2017
തൃശൂര്‍: പാന്പാടി നെഹ്റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവു ചാലില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.
തന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നുവെന്നും വിടചൊല്ലുന്നുവെന്നുമാണ് കത്തിലുള്ളത്. എന്നാല്‍ ഇത് ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കത്ത് കണ്ടെത്തിയിരുന്നില്ല. ബുധനാഴ്ചത്തെ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്. ജിഷ്ണു പ്രാണോയ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജിഷ്ണുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ സമിതിയംഗങ്ങള്‍ കോളേജുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേള്‍ക്കും. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരമായിരിക്കും കോളജുകളുടെ അഫിലിയേഷന് പുതുക്കല്‍.