സ്വാ​ശ്രയ ഇ​ടി​മു​റി​യി​ലെ കു​രു​തി

By ദിപിന്‍ മാനന്തവാടി: 8113909002 posted by subhalekshmi.16 Jan, 2017

imran-azhar

വീട്ടിലെ പഠനമേശയില്‍ പ്ളസ്ടൂ പഠനകാലത്ത് ""സ്വപ്നങ്ങളെ പിന്തുടരുക, പക്ഷെ അതിനായി എന്തെങ്കിലും കുറുക്ക് വഴികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പാക്കണമെന്നും'' കുറിച്ചിട്ട തങ്ങളുടെ ‘മോനു'ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ജിഷ്ണുവിന്‍റെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സാധിക്കുന്നില്ല. ജിഷ്ണുവിന്‍റെ ആത്മഹത്യയുടെ കാരണമായി കോളേജ് അധികൃതര്‍ പറയുന്ന വിശദീകരണങ്ങള്‍ യുക്തിഭദ്രമല്ലെന്നാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ ജിഷ്ണുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഉറച്ചവിശ്വാസത്തിലാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും
സുഹൃത്തുക്കളും. ജിഷ്ണുവിന്‍റെ ദാരുണമരണത്തിന് ശേഷം കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ വിശദീകരണങ്ങളും ഇടപെടലുകളും ദുരൂഹമാണെന്ന് വസ്തുകള്‍ ചൂണ്ടിക്കാണിച്ചാണ് സഹപാഠികളും വീട്ടുകാരും സമര്‍ത്ഥിക്കുന്നത്.

 

സ്വപ്നങ്ങളുമായി പാന്പാടിയിലേക്ക്

 


വടകര വളയത്ത് നിന്നും 3.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള പൂവംവയല്‍ എന്ന നാട്ടിന്‍പുറത്തു നിന്നും തന്‍റെ സ്വപ്നങ്ങളെ പിന്തുടരാനായിരുന്നു 18കാരനായ ജിഷ്ണു പ്രണോയി കിലോമീറ്ററുകള്‍ അകലെയുള്ള പാന്പാടി നെഹ്റു കോളേജില്‍ കന്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായി ചേരുന്നത്. പ്ളസ്ടൂവിന് മികച്ച മാര്‍ക്കുണ്ടായിരുന്നെങ്കിലും എന്‍ട്രന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ എന്‍.ആര്‍.ഐ ക്വാട്ടയിലായിരുന്നു ജിഷ്ണുവിന് പാന്പാടി കോളേജില്‍ പ്രവേശനം ലഭിച്ചത്. ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ ഖത്തറില്‍ എണ്ണഖനന മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നൊരു സാധാരണ തൊഴിലാളിയാണ്. അച്ഛന് ജോലി വിദേശത്താണെങ്കിലും ഒരു സാധാരണ കുടുംബമാണ് ജിഷ്ണുവിന്‍റേത്. പ്ളസ്ടൂ പഠനകാലത്ത് തന്നെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗാണ് തന്‍റെ മേഖലയെന്ന് ജിഷ്ണു ഫെയ്സ്ബുക്കില്‍ കുറിച്ചിറുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറായ അമ്മാവന്‍ സുജിത്തായിരുന്നു പ്രചോദനം.

ജിഷ്ണുവിന്‍റെ ദുരൂഹമരണം 
പഠിക്കാന്‍ മിടുക്കനായിരുന്ന ജിഷ്ണു ഒരിക്കലും കോപ്പിയടിക്കില്ലെന്നാണ് സഹപാഠികളും വീട്ടുകാരും ഉറപ്പിച്ച് പറയുന്നത്. അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്ന ജിഷ്ണു, പരീക്ഷയ്ക്ക് മുന്പുള്ള ദിവസങ്ങളില്‍ പഠനത്തിന് തന്നെയാണ് കൂടുതല്‍ സമയവും ചെലവഴിച്ചതെന്നാണ് ഹോസ്റ്റലിലെ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പരീക്ഷയുടെ അന്ന് പുലര്‍ച്ചെ നാലുമണിക്ക് പഠിക്കാന്‍ എഴുന്നേറ്റപ്പോള്‍ അമ്മയെ ഫോണില്‍ വിളിച്ച് എല്ലാം നന്നായി പഠിച്ച് കഴിഞ്ഞതായി ജിഷ്ണു പറഞ്ഞിരുന്നു. പഠിത്തിന്‍റെ കാര്യത്തില്‍ അത്യധ്വാനം ചെയ്യുന്ന ജിഷ്ണു കോപ്പിയടിച്ചതായാണ് കോളേജ് അധികാരികള്‍ പറയുന്നത്. ഇതേ തുടര്‍ന്നുണ്ടായ മാനസിക~ശാരീരിക പീഡനങ്ങളാണ് ജിഷ്ണുവിന്‍റെ മരണത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. സമാനമായ ആരോപണമാണ് ജിഷ്ണുവിന്‍റെ സഹപാഠികളും ഉയര്‍ത്തുന്നത്.


പരീക്ഷാഹാളില്‍ തൊട്ടുമുന്നിലിരുന്ന് പരീക്ഷ എഴുതിയിരുന്ന സുഹൃത്തിന്‍റെ ഉത്തരക്കടലാസ്സില്‍ നോക്കി എഴുതി എന്നാരോപിച്ചാണ് പരീക്ഷാമേല്‍നോട്ട ചുമതലയുണ്ടായിരുന്നു നെഹ്റുകോളേജിലെ അധ്യാപകനായ സി.പി. പ്രവീണ്‍ പരീക്ഷ അവസാനിക്കാന്‍ പതിനഞ്ച് മിനിട്ടോളം ശേഷിക്കെ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നത്. ഇതൊന്നുമറിയാതെ പരീക്ഷ എഴുതുകയായിരുന്ന സുഹൃത്തിന്‍റെ ഉത്തരക്കടലാസ്സും പിന്നിലൂടെയെത്തിയ അധ്യാപകന്‍ വലിച്ചെടുത്തു. കോപ്പിയടിച്ചതിനാല്‍ ഇരുവരോടും ഉത്തരക്കടലാസ്സിലെ മുഴുവന്‍ ഉത്തരങ്ങളും വെട്ടിക്കളയാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. കോപ്പിയടിച്ചില്ലെന്ന് ജിഷ്ണുവും സുഹൃത്തും കരഞ്ഞു പറഞ്ഞിട്ടും അധ്യാപകന്‍ ചെവി ക്കൊണ്ടില്ലെന്നാണ് പരീക്ഷാഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതേസമയത്ത് അവിടെയെത്തിയ വൈസ് പ്രിന്‍സിപ്പല്‍ ഇരുവരുടെയും ഹാള്‍ടിക്കറ്റും ടാഗും പിടിച്ചെടുത്തു. കോപ്പിയടിച്ചില്ലെന്ന് അപ്പോഴും കരഞ്ഞ് പറഞ്ഞു ജിഷ്ണുവിനോട് അതിന് ചെവി കൊടുക്കാതെ തട്ടിക്കയറുകയായിരുന്നു വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍. പരീക്ഷാപേപ്പറില്‍ എഴുതിയത് മുഴുവന്‍ ജിഷ്ണുവിനെക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി പരീക്ഷാഹാളില്‍ വച്ച് വെട്ടിച്ചു. അതിന് ശേഷം കോപ്പിയടിച്ചതിന്‍റെ പേരില്‍ സ്വയം വെട്ടിയതാണെന്ന കത്തും ജിഷ്ണുവിനെക്കൊണ്ട് എഴുതി ഒപ്പിട്ടുവാങ്ങിച്ചതായാണ് പരീക്ഷഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. (സമാനമായ കാര്യങ്ങളാണ് കോപ്പിയടിയില്‍ ആരോപണ വിധേയനായ സുഹൃത്തിന്‍റെ മാതാപിതാക്കളും പങ്കുവച്ചത്. ""എന്‍റെ ഉത്തരക്കടലാസ്സും അതുപോലെ വെട്ടിയിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെയെന്നാണ്'' മകന്‍ പറഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്. ജിഷ്ണു നോക്കിയെഴുതുന്നതായി കണ്ടിട്ടില്ലെന്ന് മകന്‍ പറഞ്ഞതായും ഇവര്‍ വ്യക്തമാക്കുന്നു. എന്തായാലും കുട്ടിയെ ടി.സി.വാങ്ങി മറ്റൊരു കോളേജില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ മാതാപിതാക്കള്‍).

 

ഏതാണ്ട് അഞ്ചുമണിയോട് അടുപ്പിച്ച് ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പ്രിന്‍സിപ്പലിന്‍റെ മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. 5.10ഓടെ ജിഷ്ണുവിന്‍റെ സുഹൃത്തിനെ വിട്ടയച്ചു. അപ്പോഴും ജിഷ്ണു പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ തന്നെയായിരുന്നു. പരീക്ഷാഹാളില്‍ പോയി ബാഗുമെടുത്ത് തിരികെ മടങ്ങിയ സുഹൃത്ത് സ്റ്റെപ്പ് ഇറങ്ങി വരുന്പോള്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും വരാന്തയില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ജിഷ്ണുവിനെ കണ്ടിരുന്നില്ല. പിന്നീട് ആറുമണിയോട് അടുപ്പിച്ച് കോളേജില്‍ നിന്നും കരഞ്ഞുകൊണ്ട് ഹോസ്റ്റലിലേക്ക് മടങ്ങുന്ന ജിഷ്ണുവിനെ  സുഹൃത്ത് കണ്ടിരുന്നു. ""ജയിക്കുമെന്ന് 100% ഉറപ്പുള്ള പരീക്ഷയായിരുന്നു, ഞാന്‍ കോപ്പിയടിച്ചിട്ടില്ല, പരീക്ഷയെഴുതിക്കില്ലായെന്നാണ് പറയുന്നതെന്ന്''് സുഹൃത്തിനോട് കരഞ്ഞുകൊണ്ട് ജിഷ്ണു പറഞ്ഞു. ജിഷ്ണുവിനെ ആശ്വസിപ്പിച്ച് സുഹൃത്ത് കോളേജിലേക്ക് പോകുകയായിരുന്നു.

 

തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നു 
6.45ഓടെ ഹോസ്റ്റലില്‍ റോള്‍കോള്‍ വിളിക്കുന്പോള്‍ ജിഷ്ണു പ്രസന്‍റായിരുന്നില്ല. ഇതേ തുടര്‍ന്ന് മുറിയിലെത്തിയ സുഹൃത്തുക്കളാണ് ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിനില്‍ക്കുന്ന ജിഷ്ണുവിനെ കണ്ടത്. വാതില്‍ തകര്‍ത്ത് പുറത്തെത്തിക്കുന്പോള്‍ പള്‍സ് ഉണ്ടായിരുന്നതിനാല്‍ സുഹൃത്തുക്കള്‍ ജിഷ്ണുവിന് കൃത്രിമശ്വാസം ഉള്‍പ്പെടെ പ്രാഥമിക ശുശ്രൂഷ നല്‍കി. ജിഷ്ണു കോപ്പിയടിച്ചാതായി ആരോപിച്ച അധ്യാപകന്‍ സി.പി.കിഷോര്‍ ഇതേ സമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ജിഷ്ണുവിനെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍ കൈവിറയ്ക്കുന്നെന്ന് പറഞ്ഞ് അധ്യാപകന്‍ വാഹനം ഇറക്കാന്‍ തയ്യാറായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പിന്നീട് മറ്റൊരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ വാഹനത്തിലാണ് ജിഷ്ണുവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. ജിഷ്ണുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിന് തൊട്ടുപിന്നാലെ തന്നെ സി.പി.പ്രവീണ്‍ സ്വന്തം വാഹനത്തില്‍ പുറത്തേക്ക് പോയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. (ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഈ അധ്യാപകന്‍ പിന്നീട് ഇതുവരെ ഹോസ്റ്റലിലേക്ക് മടങ്ങിയെത്തിയിട്ടില്ല.) ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജിഷ്ണു മരണപ്പെട്ടിരുന്നു.

 

ജിഷ്ണുവിന്‍റെ മരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആക്ഷേപമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്നത്. പരീക്ഷ കഴിഞ്ഞ് എല്ലാവരും മടങ്ങിയിട്ടും ഒരുമണിക്കൂറോളം ജിഷ്ണു എവിടെയായിരുന്നു എന്നും ഈ സമയത്ത് എന്തെല്ലാം സംഭവിച്ചു എന്നുമുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ ജീഷ്ണുവിന്‍റെ മരണകാരണം വെളിപ്പെടുമെന്നാണ് സഹപാഠികള്‍ പറയുന്നത്. കോപ്പയടി ആരോപിച്ച് പിടിച്ചതിന് ശേഷം വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകനായ സി.പി.പ്രവീണ്‍, കോളേജ് പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍ എന്നിവര്‍ ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരിക്കാമെന്നും അതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ത്തിലാണ് ജിഷ്ണു ജീവനൊടുക്കിയതെന്നുമുള്ള സംശയമാണ് ജിഷ്ണുവിന്‍റെ സഹപാഠികളില്‍ പലരും പങ്കുവയ്ക്കുന്നത്. ഇത്തരത്തില്‍ പല വിഷയങ്ങളിലും വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മുന്‍അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സഹപാഠികള്‍ ഇത്തരമൊരു സംശയം ഉന്നയിച്ചിരിക്കുന്നത്.

 

ദുരൂഹത നീക്കണം 
ജിഷ്ണു മരിച്ചതായി ആശുപത്രി അധികാരികള്‍ സ്ഥിരീകരിച്ച ഉടനെ തന്നെ ജിഷ്ണുവിന്‍റെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ട് മകന്‍ തൂങ്ങി മരിച്ചെന്ന് നിഷ്കരുണം അറിയിക്കുകയായിരുന്നെന്നാണ് ജിഷ്ണുവിന്‍റെ വീട്ടുകാര്‍ പറയുന്നത്. വിവരം അറിഞ്ഞ് വടകര നിന്നും മണിക്കൂറുകള്‍ യാത്ര ചെയ്താണ് ജിഷ്ണുവിന്‍റെ കുടുംബം ഒറ്റപ്പാലത്ത് എത്തുന്നത്. ജിഷ്ണു തുണ്ട് പേപ്പര്‍ വച്ച് കോപ്പിയടിച്ചെന്നായിരുന്നു കോളേജ് അധികൃതര്‍ വീട്ടുകാരോട് ആദ്യം പറഞ്ഞത്. ആ തുണ്ട് പേപ്പര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അടുത്തിരുന്ന കുട്ടിയുടെ പേപ്പറില്‍ നോക്കി കോപ്പിയടിക്കുകയായിരുന്നെന്ന് മാറ്റിപ്പറഞ്ഞു. കോപ്പിയടിച്ചതായി സമ്മതിച്ച് ജിഷ്ണു എഴുതി ഒപ്പിട്ട് കൊടുത്തതായി പറഞ്ഞെങ്കിലും ഈ രേഖ വീട്ടുകാരെ കാണിച്ച് കൊടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.

 

 

പിന്നീട് ജിഷ്ണുവിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍  മൂക്കില്‍ ഒരുമുറിവിന്‍റെ പാടും കാല്‍വെള്ളയിലും പുറത്തും തോളിലും രക്തം കല്ലിച്ച പാടുമുണ്ടായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഒറ്റപ്പാലം താലൂക്ക് ആശൂപത്രിയിലെ പി.ജി.ഡോക്ടര്‍ക്ക് പകരം പൊലീസ് ഫോറന്‍സിക് സര്‍ജന്‍ പോസ്്റ്റ്മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ജിഷ്ണുവിന്‍റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായി തീരുമാനിക്കുന്നത്. ജിഷ്ണുവിന്‍റേത് ആത്മഹത്യയാണെന്നും മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ ലക്ഷണമൊന്നുമില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്നാണ്  വിവരം. മൂക്കിലെ മുറിവ് മൃതദേഹം ശുചിമുറിയില്‍ നിന്നും പുറത്തേക്ക് ഇറക്കുന്പോള്‍ സംഭവിച്ചതാകാമെന്ന  സൂചനയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും പറയുന്നു. എന്നാല്‍ പി.ജി വിദ്യാര്‍ത്ഥികളാണ് ജിഷ്ണുവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന ആക്ഷേപം പുറത്ത് വന്നിട്ടുണ്ട്. നെഹ്റു കോളേജ് മാനേജ്മെന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അട്ടിമറിക്കപ്പെട്ടതായി ജിഷ്ണുവിന്‍റെ വീട്ടുകാര്‍ പരാതിപ്പെട്ടു കഴിഞ്ഞു. മാത്രമല്ല ജിഷ്ണുവിന്‍റെ മരണത്തിലേക്ക് നയിച്ച മുഴുവന്‍ കാര്യങ്ങളിലെയും ദുരൂഹത അവസാനിപ്പിക്കണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

ടാര്‍ജറ്റ് ചെയ്തിരുന്നു
നെഹ്റു കോളേജ് മാനേജ്മെന്‍റ് ജിഷ്ണുവിനെ ടാര്‍ജറ്റ് ചെയ്തിരുന്നെന്നും അതിന്‍റെ പ്രതികാരമെന്ന നിലയിലാണ് ജിഷ്ണുവിനെ കോപ്പിയടി ആരോപണത്തില്‍ കുടുക്കി പീഡിപ്പിച്ചതെന്നുമാണ് ജിഷ്ണുവിന്‍റെ വീട്ടുകാര്‍ പറയുന്നത്. ഡിസംബര്‍ മൂന്നു  മുതല്‍ പരീക്ഷ നടക്കുമെന്നായിരുന്നു നവംബര്‍ 15ന് കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി പ്രഖ്യാപിക്കുന്നത്. എന്നാല്‍ പരീക്ഷ മാറ്റിവച്ചതായി ഡിസംബര്‍ രണ്ടിന് ഉത്തരവിറങ്ങി. ഇതേ തുടര്‍ന്ന് ജിഷ്ണുവും സുഹൃത്തുക്കളും വീടുകളിലേക്ക് മടങ്ങി. ഇതില്‍ ചില സുഹൃത്തുക്കളുടെ വീട് കേരളത്തിന് വെളിയിലായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരീക്ഷാതീയതി പ്രഖ്യാപിക്കപ്പെട്ടു. കുട്ടികള്‍ക്ക് ദുരിതമാകുന്ന നിലയിലായിരുന്നു പുതിയ തീയതി പ്രഖ്യാപിക്കപ്പെട്ടത്.  പതിനഞ്ച് ദിവസം മുന്പായി വേണം പരീക്ഷ പ്രഖ്യാപിക്കാനെന്ന ചട്ടം യൂണിവേഴ്സിറ്റി ലംഘിച്ചതായി ജിഷ്ണു മനസ്സിലാക്കി. ഇതേ  തുടര്‍ന്ന്  യൂണിവേഴ്സിറ്റിയുടെ ചട്ടലംഘനത്തിനെതിരെ സുഹൃത്തുക്കളെയും മറ്റ് ടെക്നിക്കല്‍ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ജിഷ്ണു സോഷ്യല്‍മീഡിയ പ്രചരണം സംഘടിപ്പിച്ചു. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുകയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തുകയും ചെയ്തിരുന്നു. ജിഷ്ണുവിന്‍റെ മരണം ചര്‍ച്ചചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ അടക്കം നേരില്‍ വിളിച്ച് ജിഷ്ണു ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 


യൂണിവേഴ്സിറ്റിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ ശക്തമായ കാന്പയിന് നേതൃത്വം നല്‍കിയ ജിഷ്ണു നാളെ കോളേജിന്‍റെ കൊള്ളരുതായ്മകള്‍ക്കെതിരെയും പ്രതികരിക്കുമോയെന്ന് മാനേജ്മെന്‍റ് ന്യായമായും സംശയിച്ചിരിക്കാം. പ്രതികരണശേഷിയുള്ള കുട്ടികളെ ഒതുക്കുന്നതിന് നിഗൂഢമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ വിദഗ്ദ്ധരായ കോളേജ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസും പി.ആര്‍.ഒ സഞ്ജിത്ത് വിദ്യനാഥനും പ്രതികരണശേഷിയുള്ള ജിഷ്ണുവിനെ ഒതുക്കണമെന്ന് തീരുമാനിച്ചിരിക്കാം. നേരത്തെയും നെഹ്റു കോളേജില്‍ ഇത്തരം വിഷയങ്ങളിലെല്ലാം പ്രതികരിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളെ അവരുടെ ഭാവിതുലച്ചിട്ട് തന്നെ നിഷ്കരുണം ഒതുക്കിയിട്ടുണ്ടെന്നതും വീട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി കോളേജില്‍ ഉള്ളകാലത്തോളം ജിഷ്ണു ഒരുകാര്യത്തിലും പ്രതികരിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിനെയും പരീക്ഷ നീരീക്ഷകനായിരുന്ന അധ്യാപകന്‍ സി.പി. പ്രവീണിനെയും ഉപയോഗിച്ച് ജിഷ്ണുവിനെ ‘കോപ്പിയടി കെണിയില്‍' പെടുത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീട് ജിഷ്ണുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സമയത്ത് അധ്യാപകനായിരുന്ന സി.പി.പ്രവീണ്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നതും അദ്ദേഹം ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വിസമ്മതിച്ചതും ദുരൂഹമാണെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ജിഷ്ണുവിന്‍റെ മരണശേഷം കോളേജിനെ പ്രതിനിധീകരിച്ച് ഒരാളും വീട്ടില്‍ എത്താത്തതും ഫോണില്‍ പോലും ആശ്വസിപ്പിക്കാത്തതും ജിഷ്ണുവിന്‍റെ മരണത്തില്‍ കോളേജ് മാനേജ്മെന്‍റിനുള്ള പങ്കിന്‍റെ തെളിവാണെന്നാണ് ജിഷ്ണുവിന്‍റെ വീട്ടുകാര്‍ വിശ്വസിക്കുന്നത്.

 

പ്രിന്‍സിപ്പലിന്‍റെ വിശദീകരണം 
കോപ്പിയടിച്ച രണ്ട് വിദ്യാര്‍ത്ഥികളെ വൈസ് പ്രിന്‍സിപ്പലും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന അധ്യാപകനും ഏതാണ്ട് അഞ്ചുമണിയോട് അടുപ്പിച്ച് തന്‍റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ട് വന്നെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ജിഷ്ണുവിന്‍റെ പരീക്ഷ പേപ്പറില്‍ എഴുതിയ ഉത്തരങ്ങള്‍ മുഴുവന്‍ വെട്ടിയ നിലയിലാണ് തന്‍റെ മുന്നില്‍ എത്തിയതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. നോക്കിയെഴുതിയ ആളും കാണിച്ചു കൊടുത്തയാളും ഒരുപോലെ കുറ്റക്കാരാണ്. അതിനാല്‍ തന്നെ കോപ്പിയടി റിപ്പോര്‍ട്ട് ചെയ്താല്‍ മൂന്നുവര്‍ഷം വരെ ഡീബാര്‍ കിട്ടും.  ജിഷ്ണു കോപ്പിയടിച്ചത് അറിഞ്ഞിട്ടില്ലെന്ന ആരോപണ വിധേയനായ കുട്ടിയുടെ വാദം പരിഗണിച്ച് അതെഴുതി വാങ്ങിയിരുന്നു. അതിന് ശേഷം ഈ കുട്ടിയെ വിട്ടയയ്ക്കുകയായിരുന്നു. ഒന്നോ രണ്ടോ ലൈന്‍ കോപ്പിയടിച്ചെന്ന് ജിഷ്ണു സമ്മതിച്ചു. ചെയ്തത് തെറ്റാണെങ്കിലും ആദ്യമായി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന, നന്നായി പഠിക്കുന്ന കുട്ടി എന്നുള്ള മാനുഷിക പരിഗണ നല്‍കി നടപടിയില്‍ നിന്ന് ജിഷ്ണുവിനെ ഒഴിവാക്കുകയായിരുന്നു. അത് കൊണ്ടാണ് കോപ്പിയടി യൂണിവേഴ്സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.   അടുത്ത ദിവസം നന്നായി പഠിച്ച് വന്ന് പരീക്ഷയെഴുതണം എന്ന് പറഞ്ഞാണ് ജിഷ്ണുവിനെ മടക്കി അയച്ചത്. 5.45ഓടെയാണ് ജിഷ്ണു തന്‍റെ ക്യാബിനില്‍ നിന്ന് പോയതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.

 

പൊരുത്തക്കേടുകള്‍ 

കോപ്പിയടി പിടിക്കപ്പെട്ട് 5 മണിയോടെ പ്രിന്‍സിപ്പാള്‍ ക്യാബിനില്‍ എത്തപ്പെട്ട ജിഷ്ണു ഹോസ്റ്റലില്‍ മടങ്ങിയെത്തുന്ന ആറുമണിവരെ എവിടെ ആയിരുന്നുവെന്ന് സഹപാഠികള്‍ക്ക് അറിയില്ല. പ്രിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം അനുസരിച്ചാണെങ്കില്‍ 5.45ന് ജിഷ്ണു പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ നിന്നും പോയിട്ടുണ്ട്. കോപ്പിയടിച്ചതിന്‍റെ പേരിലുള്ള നടപടികള്‍ ഒഴിവാക്കി ജിഷ്ണുവിനെ ഉപദേശിച്ച് മടക്കി അയച്ചെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. എന്നാല്‍ ഹോസ്റ്റലിലേക്ക് മടങ്ങിയ വഴിയില്‍ വച്ച് കണ്ട സുഹൃത്തിനോട് ""ജയിക്കുമെന്ന് 100% ഉറപ്പുള്ള പരീക്ഷയായിരുന്നു, ഞാന്‍ കോപ്പിയടിച്ചിട്ടില്ല, പരീക്ഷയെഴുതിക്കില്ലായെന്നാണ് പറയുന്നതെ''ന്നാണ് ജിഷ്ണു പറഞ്ഞത്. പ്രിന്‍സിപ്പല്‍ പറയുന്നത് പോലെയാണെങ്കില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥിയെ ഏകദേശം ഒരുമണിക്കൂറോളം എന്തിന് പിടിച്ചു നിര്‍ത്തി എന്നത് മറുപടി കിട്ടേണ്ട ചോദ്യമാണ്. ജിഷ്ണു പറഞ്ഞത് പോലെ നടപടി എടുക്കാനാണ് തീരുമാനിച്ചതെങ്കിലും ഇത്രയും സമയം വിദ്യാര്‍ത്ഥിയെ പിടിച്ച് വയ്ക്കേണ്ട കാര്യമില്ലല്ലോ?


ജിഷ്ണുവിന് ഒപ്പം ആരോപണ വിധേയനായ വിദ്യാര്‍ത്ഥി 5.10ന് പ്രിന്‍സിപ്പല്‍ ക്യാബിനില്‍ നിന്നും ഇറങ്ങി പരീക്ഷ ഹാളിലെത്തി ബാഗെടുത്ത് മടങ്ങുന്പോള്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും വെളിയില്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഈ സമയം ജിഷ്ണുവിനെ കണ്ടിരുന്നില്ല. ഇതേ സമയം ഇത്തരം വിഷയങ്ങളെല്ലാം വരുന്പോള്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്ന ‘ഇടിമുറി'യിലേക്ക് ജിഷ്ണുവിനെ കൂട്ടിക്കൊണ്ടു പോയിരിക്കാമെന്നും ടോര്‍ച്ചര്‍ ചെയ്തിരിക്കാമെന്നുമുള്ള സംശയമാണ് ജിഷ്ണുവിന്‍റെ സഹപാഠികള്‍ പങ്കുവയ്ക്കുന്നത്.

നേരെ മുന്നില്‍ ഇരിക്കുന്ന സഹപാഠിയുടെ ഉത്തരം ജിഷ്ണു നോക്കിയെഴുതിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ബുക്ക്ലെറ്റിലാണ് കുട്ടികള്‍ ഉത്തരം എഴുതുന്നത്. അതിനാല്‍ത്തന്നെ തൊട്ടുപിന്നില്‍ നിന്നും എഴുന്നേറ്റ് നിന്ന് നോക്കിയാലല്ലാതെ തൊട്ടുമുന്നിലെ സഹപാഠിയുടെ ഉത്തരമെഴുതുന്ന ബുക്ക്ലെറ്റ് കാണാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള പറയുന്നത്. അല്ലെങ്കില്‍ മുന്നിലിരിക്കുന്ന ആള്‍ ബോധപൂര്‍വ്വം നോക്കി എഴുതാനായി സഹായിക്കണം.

കോപ്പിയടിയുടെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയതായി പറഞ്ഞിരുന്നെങ്കില്‍ ജിഷ്ണു ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോപ്പിയടി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും എന്നാല്‍ അതിന്‍റെ പേരില്‍ ജിഷ്ണുവിനെ നിയന്ത്രിച്ച് നിര്‍ത്താനായി കോപ്പിയടി വലിയ വിഷയമായി അവതരിപ്പിച്ച് മാനസികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരിക്കാമെന്ന സാധ്യത മുന്‍അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ശിക്ഷ ഒഴിവാക്കിയെന്ന വിവരം ജിഷ്ണുവിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാതെ ശിക്ഷ ലഭിക്കുമെന്ന ചിത്രമായിരിക്കണം ജിഷ്ണുവിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടാകുക. ""ജയിക്കുമെന്ന് 100% ഉറപ്പുള്ള പരീക്ഷയായിരുന്നു, ഞാന്‍ കോപ്പിയടിച്ചിട്ടില്ല, പരീക്ഷയെഴുതിക്കില്ലായെന്ന'' ജിഷ്ണു സുഹൃത്തിനോട് പറഞ്ഞത് അതിനാലായിരിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

 


ജിഷ്ണുവിന്‍റെ വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത് പോലെ ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്. കോളേജില്‍ ഇതിന് മുന്പ് അരങ്ങേറിയ സമാനസംഭവങ്ങള്‍ കൂടി ജിഷ്ണുവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷകസംഘം വിശകലനം ചെയ്യേണ്ടതുണ്ട്. ഒടുക്കം ആത്മഹത്യയിലേക്ക് എത്തിയില്ലെങ്കിലും ജിഷ്ണു സംഭവത്തിന് സമാനമായ ഒരുപാട് സംഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നൊരു നാട്ടില്‍ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വെളിപ്പെടുത്തലുകള്‍ അവഗണിക്കാന്‍ കഴിയുമോയെന്ന ചോദ്യവും ഗൌരവത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.

 


പി.ആര്‍.ഒ പ്രിന്‍സിപ്പല്‍!
പ്രിന്‍സിപ്പലിനെയും അധ്യാപകരെയുമെല്ലാം നിയന്ത്രിക്കുന്ന പി.ആര്‍.ഒയ്ക്കാണ് കാന്പസില്‍ പ്രിന്‍സിപ്പലിനെക്കാള്‍ അധികാരമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. അധ്യാപകര്‍ ഇടുന്ന ഇന്‍റേണല്‍ മാര്‍ക്ക് പോലും മാറ്റിയിടാനുള്ള അധികാരം പി.ആര്‍.ഒയ്ക്ക് കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. അധ്യാപകരോട് പരാതി പറഞ്ഞാല്‍ ഞങ്ങള്‍ ഇട്ടിട്ടുണ്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുകളിലാണ് നിങ്ങള്‍ മുകളില്‍ പോയി പറയൂ എന്ന മറുപടിയാണ് കിട്ടുകയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇടിമുറിയെ ഭയമുള്ളതിനാല്‍ ഇന്‍റേണലിന്‍റെ കാര്യം പറഞ്ഞ് ആരും മുകളിലേക്ക് പോകാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മനേജ്മെന്‍റിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പി.ആര്‍.ഒ സ്ഥാപനത്തിന്‍റെ തുടക്കം മുതല്‍ പന്പാടിയിലെയും ലക്കിടിയിലെയും കോളേജുകളിലെയും പരമാധികാരിയാണെന്നാണ് പറയപ്പെടുന്നത്.

പി.ആര്‍.ഒയുടെ കോളേജിലെ ചുമതലയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പലിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. അച്ചടക്ക നടപടികള്‍ തീരുമാനിക്കുന്നത് പി.ആര്‍.ഒ ആണെന്ന ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പി.ആര്‍.ഒ മാനേജ്മെന്‍റിന്‍റെ ഭാഗമാണെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടി. ഒരു മാനേജ്മെന്‍റ് കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ തനിക്ക് തന്‍റേതായ പരിമിതികളുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കുകയുണ്ടായി.

അതിനാല്‍ തന്നെ നിലവില്‍ ജിഷ്ണുവിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പി.ആര്‍.ഒയെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കണ്ണില്‍ പൊടിയിടാനും പ്രതിഷേധം തണുപ്പിക്കാനുമുള്ള തന്ത്രമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കോപ്പിയടിച്ചതായി ആരോപിച്ച് ജിഷ്ണുവിന്‍റെ ഉത്തരക്കടലാസ് പിടിച്ചെടുത്ത സി.പി. പ്രവീണ്‍ എന്ന അധ്യാപകനെയും മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ അധ്യാപകനെതിരെയും വ്യാപകമായ ആക്ഷേപങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം വര്‍ഷ ട്രിപ്പിള്‍ ഇ ബാച്ചിലെ ഒരു പെണ്‍കുട്ടിയെയും സമാനമായ രീതിയില്‍ കോപ്പിയടി ആരോപണം ഉന്നയിച്ച് ഹരാസ് ചെയ്തിരുന്നതായി സഹപാഠികള്‍ പറയുന്നു. ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതിനിടയില്‍ മുടി പിന്നിലേയ്ക്കിട്ട വിദ്യാര്‍ത്ഥിനിക്കെതിരെ പിന്നോട്ട് തിരിഞ്ഞിരുന്നു കോപ്പിയടിച്ചെന്ന് ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. കോപ്പി അടിച്ചെന്ന് ആരോപിച്ച് ആ വിദ്യാര്‍ത്ഥിനിയുടെയും പിന്നിലിരുന്ന ആണ്‍കുട്ടിയുടെയും ഉത്തരക്കടലാസില്‍ എഴുതിയിരുന്നത് മുഴുവന്‍ ഈ അധ്യാപകന്‍ വെട്ടിക്കളയുകയുണ്ടായി. അടുത്തിരുന്ന കുട്ടിയോട് വൈറ്റ്നര്‍ ചോദിച്ചതിന്‍റെ പേരില്‍ മറ്റൊരു ആണ്‍കുട്ടിയുടെ പേപ്പറിലെ മുഴുവന്‍ ഉത്തരങ്ങളും വെട്ടിക്കളഞ്ഞ അനുഭവവും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. മറ്റൊരു കോളേജില്‍ നിന്നും സ്വഭാവദൂക്ഷ്യത്തെ തുടര്‍ന്ന് പുറത്താക്കിയ ഈ അധ്യാപകന്‍റെ അക്കാഡമിക് ട്രാക്കിലും വിദ്യാര്‍ത്ഥികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. യോഗ്യതാ പരീക്ഷയില്‍ പരാജയം രേഖപ്പെടുത്തിയ ഈ അധ്യാപകന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും വിദ്യാര്‍ത്ഥികളുടെ കൈവശമുണ്ട്

.വൈസ് പ്രിന്‍സിപ്പലിനെതിരെയും വളരെ രൂക്ഷമായ വിമര്‍ശനമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. കുട്ടികളെ ഹരാസ് ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിലും വൈസ് പ്രിന്‍സിപ്പാലും ഒട്ടും പിന്നിലല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നത്.

 

.

 

OTHER SECTIONS