അസുലഭ മുഹൂർത്തം..! മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം സമ്മാനിച്ചു

By Web Desk.24 09 2020

imran-azhar

 

 

പാലക്കാട്: മഹാകവി അക്കിത്തത്തിന് രാജ്യത്തെ പരമേ‍ാന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം സമ്മാനിച്ചു. അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിൽ ലളിതമായി നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഒ‍ാൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. നിരുപാധികസ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ പുരസ്‌കാരം സമ്മാനിച്ചു.

 

മലയാളത്തിനു ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 55 ാമത്തെ ജ്ഞാനപീഠ ബഹുമതിയാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് തുടങ്ങി നിരവധി കവിതകള്‍ അക്കിത്തത്തിന്റെ തൂലികയില്‍ പിറന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

 

ജ്ഞാനപീഠംപുരസ്കാരസമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം,ടി,വാസുദേവൻ നായർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി എന്നിവർ ഒ‍ാൺലൈനായി കവിക്ക് ആശംസ നേർന്നു. പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡേ‍ാ. കെ.പി.മേ‍ാഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡേ‍ാ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കേ‍ാട് ലീലാകൃഷ്ണൻ, തൃത്താല എംഎൽഎ വി.ടി.ബൽറാം, ജ്ഞാനപീഠം പുരസ്കാരസമിതി പ്രതിനിധികൾ, കപ്പൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകലക്ടർ ഡി.ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

 

OTHER SECTIONS