അക്കാദമിക്ക് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ പുറത്താക്കും; ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി അധികൃതര്‍

By mathew.03 12 2019

imran-azhar

 

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി അധികൃതര്‍. യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുന്നതിനിടെയാണ് അന്ത്യശാസനവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജെ.എന്‍.യു അധികൃതര്‍ ചൊവ്വാഴ്ച പുറത്തിറത്തിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

 

സെമസ്റ്റര്‍ പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളില്‍ തീസിസുകള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 12ന് തന്നെ പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ പുറത്താകുക മാത്രമല്ല അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്കാകില്ലെന്ന് രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

 

ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചതിനെതിരെയാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം തുടരുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ മാനവശേഷി മന്ത്രാലയ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യനുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരസ്യമാക്കണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളുവെന്നും വിദ്യാര്‍ഥികള്‍ ഉറപ്പിച്ചു പറയുന്നു.

OTHER SECTIONS