ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം; ജസ്റ്റിസ് നരിമാന്‍

By online desk.14 11 2019

imran-azhar

 


ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത് രണ്ട് ജഡ്ജിമാരായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും, ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയും, ജസ്റ്റിസ് ഖന്‍വില്‍ക്കറും പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡുമാണ് വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

 

ശബരിമല വിഷയത്തോടൊപ്പം ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാകര്‍മ്മം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം എന്നിവയും വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ളതാണ് ഭൂരിപക്ഷ വിധി. എന്നാല്‍, ശബരിമല കേസിനോടൊപ്പം ദാവൂദി ബോറ കേസ് ടാഗ് ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് നരിമാന്‍ തന്റെ ഭിന്ന വിധിയില്‍ ഉള്‍പ്പെടുത്തിയത്.

 

ശക്തമായ വിയോജിപ്പാണ് ഭൂരിപക്ഷ വിധിക്കെതിരേ ജസ്റ്റിസ് നരിമാന്‍ രേഖപ്പെടുത്തിയത്. സുപ്രീംകോടതി വിധിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമെതിരേയും അദ്ദേഹം കടുത്ത വിമര്‍ശനമുന്നയിച്ചു. ഒരു വിധി പ്രഖ്യാപിച്ചാല്‍ അതാണ് അന്തിമമെന്നും ആ വിധിയെ ധ്വംസിക്കാനുള്ള യാതൊരു ശ്രമങ്ങളും അനുവദിക്കില്ലെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.

 

നേരത്തെയുള്ള വിധി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ ശബരിമല കേസിനോടൊപ്പം ദാവൂദി ബോറ വിഷയം പരിഗണിക്കുകയോ പരിശോധിക്കുകയോ കോടതി ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ ഈ വിഷയങ്ങളെല്ലാം ചേര്‍ത്തു കൊണ്ട് വിശാല ബെഞ്ചിന് വിടുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും നരിമാന്‍ കൂട്ടിച്ചേര്‍ത്തു.

 

2018ല്‍ സ്ത്രീ പ്രവേശനം അനുവദിച്ച് വിധിയില്‍ അനുകൂലിച്ചുകൊണ്ട് ഒപ്പു വെച്ചയാളാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. നരിമാനും ചന്ദ്രചൂഡും വിശാല ബെഞ്ചിന് വിടുന്നതിനെ എതിര്‍ത്തപ്പോള്‍ ഖാന്‍വില്‍ക്കര്‍ ഭൂരിപക്ഷ വിധിയോട് യോജിക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

 

OTHER SECTIONS