കെ രാജന്‍ ചീഫ് വിപ്പാകും; നിയമനം ക്യാബിനറ്റ് പദവിയോടെ

By Online Desk .24 06 2019

imran-azhar

 

 

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനം. ഒല്ലൂര്‍ എംഎല്‍എ കെ. രാജനെ ചീഫ് വിപ്പായി സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. നേരത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നല്‍കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് അന്ന് സ്വീകരിച്ചത്. സംസ്ഥാന എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ചു വിശദമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന് അധിക ചെലവു വരുന്ന നടപടി സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു നേതൃത്വം സ്വീകരിച്ച നിലപാട്. പ്രളയ കാലത്ത് അധിക ചെലവ് വരുത്തുന്ന നടപടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണെന്ന അഭിപ്രായമായിരുന്നു സിപിഐ പരസ്യമായി പ്രകടിപ്പിച്ചത്.

 

ഇ.പി. ജയരാജനെ മന്ത്രിസഭയിലേയ്ക്ക് തിരിച്ചു കൊണ്ടു വന്ന സമയത്താണ് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ സിപിഎം തീരുമാനിച്ചത്. ഇടതു മുന്നണി യോഗം അംഗീകരിക്കുകയും ചെയ്തു. കാബിനറ്റ് പദവിയോടെയാണ് ചീഫ് വിപ്പ് സ്ഥാനം. ഒരു മന്ത്രിക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ചീഫ് വിപ്പിനു ലഭിക്കും. പേഴ്‌സനല്‍ സ്റ്റാഫ്, ഔദ്യോഗിക വസതിയും വാഹനവും, സുരക്ഷ തുടങ്ങി മന്ത്രിമാര്‍ക്കു നല്‍കുന്ന സൗകര്യങ്ങളെല്ലാം പൂര്‍ണമായും ചീഫ് വിപ്പിനു നല്‍കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി. ജോര്‍ജിനെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായി നിയമിച്ചപ്പോള്‍ സിപിഐ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്നലെയും യോഗത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ത്തു. സ്ഥാനം ഏറ്റെടുക്കുന്നത് പാര്‍ട്ടിക്കു കളങ്കമാകുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

 

സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ചര്‍ച്ചകളുണ്ടായില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ മുന്നണി നേതൃത്വം തയ്യാറാകണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാക്കാന്‍ കഴിയുമോ എന്ന പരിശോധന നടത്തണമെന്നും മുന്നണി വിപുലീകരണത്തിന്റെ സാഹചര്യമുണ്ടാകുകയാണെങ്കില്‍ വ്യക്തമായ അഭിപ്രായം പറയാനും നിര്‍ദേശം ഉയര്‍ന്നു.

 

ഉപതെരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടി ഏതെങ്കിലും കക്ഷികളുമായി ധാരണയുണ്ടാക്കരുതെന്ന അഭിപ്രായവുമുണ്ടായി. മുമ്പും കേരള കോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങളെ പ്രീണിപ്പിച്ചിരുന്നത് തിരിച്ചടിയായിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുണ്ടായി.

OTHER SECTIONS