റബ്‌കോ അടക്കുമുള്ള സ്ഥാപനങ്ങളുടെ കടബാധ്യത തീര്‍ത്ത വിഷയം; മുന്‍ നിലപാട് തിരുത്തി മന്ത്രി കടകംപള്ളി

By online desk.20 08 2019

imran-azhar

 

ന്യൂ ഡൽഹി : കേരളാ ബാങ്കിന്റെ രൂപീകരണം സാധ്യമാക്കാന്‍ റബ്കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാകുടിശ്ശിക സര്‍ക്കാര്‍ അടച്ചുതീര്‍ത്ത സംഭവത്തില്‍ മുന്‍ നിലപാട് തിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വായ്പാതുക അടയ്ക്കേണ്ട കാലാവധി, പലിശ എന്നിവ സ്ഥാപനങ്ങളുമായുളള കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍, ബാങ്കുകളിലെ ബാധ്യത സര്‍ക്കാര്‍ അടച്ചുതീര്‍ത്തെന്നും സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം നിയമവകുപ്പിന്റെ പരിഗണനയിലാണെന്നുമാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. നിയമവകുപ്പിന്റെ അനുമതിയനുസരിച്ചാണ് കരാറില്‍ അന്തിമതീരുമാനം ആവുകയെന്നും മന്ത്രി ഇന്നലെ പറഞ്ഞു. സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് ആര്‍.ബി.ഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വന്‍ കിട്ടാക്കടമായിരുന്നു. റബ്‌കോ, റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് എന്നീ മൂന്നു സഹകരണ സ്ഥാപനങ്ങള്‍ക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നുമായി വായ്പ കുടിശിക ഉണ്ടായിരുന്നു.ഈ തുകയാണ് സര്‍ക്കാര്‍ അടച്ചുതീര്‍ത്തത്. ഇത് വിവാദമായതോടെ, റബ്കോയുടെ കിട്ടാക്കടം സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.വിവിധ തലങ്ങളില്‍ ദീര്‍ഘമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റബ്‌കോയുടെ കടം അടച്ചുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് മന്ത്രി പറഞ്ഞത്. റബ്‌കോ, വായ്പത്തുക കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സര്‍ക്കാരിന് നല്‍കണം.വായ്പാതുക സര്‍ക്കാരില്‍ അടയ്ക്കേണ്ടതു സംബന്ധിച്ച കാര്യങ്ങള്‍ റബ്‌കോയടക്കമുള്ള സ്ഥാപനങ്ങളുമായുളള കരാറിലുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാടാണ് വീണ്ടും മന്ത്രി തിരുത്തിയിരിക്കുന്നത്. അതേസമയം, കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തിരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അതില്‍ നിന്ന് പിന്തിരിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

OTHER SECTIONS