കുറ്റം തെളിയുന്നത് വരെ ഗണ്‍മാന്‍ സ്റ്റാഫില്‍ ഉണ്ടാകും; കടകംപള്ളി സുരേന്ദ്രന്‍

By online desk .14 02 2020

imran-azhar

 

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗണ്‍മാന്‍ സനിൽകുമാറിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറ്റം തെളിയുന്നത് വരെ ഗണ്‍മാന്‍ സ്റ്റാഫില്‍ ഉണ്ടാകുമെന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ആരോപണങ്ങളില്‍ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ 11 പൊലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാന്‍ സനിൽകുമാർ മൂന്നാം പ്രതിയാണ്.

 

അയാള്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ല. പ്രതിചേര്‍ത്തിട്ടേയുള്ളൂ. ആരോപണങ്ങള്‍ വരുന്നതില്‍ കാര്യമില്ല. അതില്‍ കഴമ്പില്ല. 2013 ല്‍ നടന്നുവെന്ന് പറയുന്ന കാര്യമല്ലേ? അന്വേഷണം നടക്കട്ടെയെന്നും കുറ്റവാളിയെന്ന് പറയുന്നത് വരെ അയാളെന്‍റെ സ്റ്റാഫിലുണ്ടാകുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

 

2019 ഏപ്രിൽ 3 നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നത്. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.

 

 

OTHER SECTIONS