By sisira.25 01 2021
തിരുവനന്തപുരം : കടയ്ക്കാവൂര്‍ പോക്സോ കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശപ്രകാരം പുതിയ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി ദിവ്യ വി ഗോപിനാഥിനാണ് കേസിന്റെ അന്വേഷണ ചുമതല.
ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ് പി ഇ എസ് ബിജു മോന് അന്വേഷണത്തിന് സഹായം നല്‍കും. ഉടന്‍ തന്നെ മുന്‍ അന്വേഷണ സംഘത്തില്‍ നിന്നും പുതിയ സംഘം വിവരങ്ങള്‍ ശേഖരിക്കും.
കഴിഞ്ഞ ദിവസം കേസ് താനും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന ആരോപണം തള്ളി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മകനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമ പോരാട്ടം നടത്തുന്നതെന്നുമാണ് പിതാവ് പറഞ്ഞത്.
കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതിയായ അമ്മ പറഞ്ഞു. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ ഭീഷണിപ്പെടുത്തി പരാതി നല്‍കിയതാണെന്നും അമ്മ വ്യക്തമാക്കി. മകന് മരുന്നുകള്‍ നല്കിയിരുന്നവെന്ന പൊലീസ് വാദം അമ്മ നിഷേധിച്ചിരുന്നു.