പൊലീസിനെതിരെ എൽദോ ഏബ്രഹാമിന്റെ ചിത്രവധം

By Online Desk .27 07 2019

imran-azhar

 

 

കൊച്ചി: മുവാറ്റുപുഴ എം.എൽ.എ എൽദോ ഏബ്രഹാമിനെ പൊലീസ് മർദ്ദിക്കുന്നതെന്ന പേരിൽ സി.പി.ഐ. എറണാകുളം ജില്ലാ നേതൃത്വം പുറത്തുവിട്ടത് വ്യാജ ചിത്രം. എറണാകുളം സെൻട്രൽ എസ്. ഐ. വിപിൻ തന്നെ മർദ്ദിക്കുന്നതായി കാട്ടി എൽദോ ഏബ്രഹാം തന്നെ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ച ചിത്രമാണ് ഫോട്ടോഷോപ്പു ചെയ്തുണ്ടാക്കിയതാണെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായത്. എസ്. ഐ. ലാത്തി വീശുന്ന ചിത്രവും എം.എൽ.എയുടെ ചിത്രവും ഫോട്ടോ ഷോപ്പിലൂടെ ഒന്നിച്ചു ചേർക്കുകയായിരുന്നു. ചിത്രത്തിന്റെ താഴെ ഭാഗത്ത് രണ്ടു ചിത്രങ്ങളും തമ്മിൽ സിങ്ക് ചെയ്യുന്നതിനായി വെള്ള നിറത്തിൽ എൽ ആകൃതിയിൽ വരച്ചു ചേർത്തത് മായ്ച്ചു കളയാൻ ഫോട്ടോഷോപ്പ് ചെയ്ത ആൾ വിട്ടുപോയി. ഒപ്പം അതിനോടു ചേർന്നു തന്നെ എം.എൽ.എയുടെ മുണ്ടിനുള്ളിൽ നിന്ന് ഒരു പൊലീസ് ഓഫീസറുടെ ബ്രൗൺ നിറത്തിലുള്ള ഷൂവും കാണാം. ഇതും ഫോട്ടോഷോപ്പ് കലാകാരൻ മായ്ച്ചു കളയാൻ മറന്നു പോയി എന്നത് വ്യക്തം. പെലീസ് മർദ്ദനത്തിന്റെ പേരിൽ വ്യാജ തെളിവുണ്ടാക്കാൻ വരെ സി.പി.ഐ. ജില്ലാ നേതൃത്വം തയ്യാറായി എന്നത് സർക്കാരിനും ബോധ്യമായിട്ടുണ്ട് എന്നാണ് വിവരം.


അതിനിടെ പൊലീസ് മർദ്ദനത്തിൽ തന്റെ കൈ ഒടിഞ്ഞുവെന്ന എൽദോയുടെ വാദവും പൊളിഞ്ഞു ' . എം.എൽ.എയുടെ കൈ യ്ക്ക് പൊട്ടലില്ല എന്ന് എൽദോ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഹരിഹരൻ , സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എറണാകുളം ജില്ലാ കളക്ടർക്ക് രേഖാമൂലം റിപ്പോർട്ട് നൽകി. ഒടിയാത്ത കൈ പ്ലാസ്റ്ററിട്ട് പൊലീസിനെതിരായ വികാരമുണ്ടാക്കാനാണ് എം. എൽ.എ.യും സി.പി.ഐ ജില്ലാ നേതൃത്വവും ശ്രമിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കയാണ്. എം.എൽ.എ. പുറത്തു വിട്ട ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് വ്യക്തമായിട്ടും സർക്കാരിനെതിരായ വികാരമുണ്ടാക്കാനായി, ചിത്രത്തിന്റെ ചുവട് ഭാഗം കട്ടു ചെയ്താണ് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.


അതിനിടെ, സി.പി.ഐ പ്രവർത്തരുടെ ആക്രമണത്തിൽ പരിക്കേറ്റ അസി.കമ്മീഷണർ കെ. ലാൽജി, സെൻട്രൽ എസ്. ഐ. വിപിൻ എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിൽ തുടരുകയാണ്. ഇരുവരുടെയും വലതുകൈയിലെ എല്ലിന് പൊട്ടലുണ്ട് എന്ന മെഡിക്കൽ റിപ്പോർട്ടും എറണാകുളം ജില്ലാ കളക്ടർക്ക്‌ കൈമാറിയിട്ടുണ്ട്.

 

വൈപ്പിൻ സമരക്കാർക്കു നേരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടന്ന കുപ്രസിദ്ധമായ പൊലീസ് നടപടി ഒഴിച്ചാൽ കഴിഞ്ഞ ആറേഴു വർഷത്തിനിടെ ഒരു തരത്തിലുള്ള ബലപ്രയോഗവും നടത്തിയിട്ടില്ലാത്ത ജനകീയ മുഖമാണ് കൊച്ചി സിറ്റി പൊലീസിന്റേത്.അസി. കമ്മീഷണർ കെ. ലാൽജി ഉൾപ്പെടെയുള്ള കൊച്ചി സിറ്റിയിലെ ഓഫീസർമാരെല്ലാം നഗരത്തിൽ വിപുലമായ ജന ബന്ധമുള്ളവരുമാണ്. അതിന്നിടെയാണ് ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി തന്നെ പൊലീസിനെതിരെ വ്യാജ പ്രചാരണങ്ങളുടെ ചിത്രവധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനൊപ്പം പൊലിസിലെ ചിലരോട് സി.പി.ഐ.യിലെ ചിലർക്കുള്ള വ്യക്തിവിരോധവും വിവാദങ്ങൾക്കു പിന്നിലുണ്ട് എന്നാണ് സൂചനകൾ

OTHER SECTIONS