നാടിന്റെ വികസനത്തിനൊരുങ്ങി കുട്ടികള്‍; 'കലാകൗമുദി ഗ്രീന്‍ മെസ്സെന്‍ജേഴ്‌സി'ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തുടക്കം

By online desk.20 11 2019

imran-azhar

 


തിരുവനന്തപുരം: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കേണ്ടതും മാതൃകകളാകേണ്ടതും കുട്ടികളാണ് എന്ന സന്ദേശവുമായി എല്ലാ വിദ്യാലയങ്ങളിലും കലാകൗമുദി ഗ്രീന്‍ മെസ്സെന്‍ജേഴ്‌സിനെ സജ്ജമാക്കുന്നു. ഓരോ വിദ്യാലയത്തില്‍നിന്നും പത്തു കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി വ്യാപനം, ലഹരിവിരുദ്ധ ബോധവത്ക്കരണം, സൈബര്‍ സുരക്ഷ, ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ ജാഗ്രത എന്നീ അഞ്ച് വിഷയങ്ങളില്‍ സന്ദേശവും അവബോധവും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കുട്ടികള്‍ നേതൃത്വം നല്‍കും. വിദ്യാലയങ്ങളില്‍ മാത്രമല്ല, സ്വന്തം വീടുകളിലും അയല്‍വീടുകളിലും ഇവര്‍ ഈ സന്ദേശമെത്തിക്കും. മുതിര്‍ന്നവര്‍ക്ക് ബോധവത്ക്കരണം
നടത്തും. സ്റ്റുഡന്റ് റിപ്പോര്‍ട്ടര്‍മാരായും ഇവര്‍ പ്രവര്‍ത്തിക്കും.

 

ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഇന്ന് കാലത്ത് 11 മണിക്ക് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
എസ്.എം.സി മെമ്പര്‍ കെ.ആര്‍. മധു അദ്ധ്യക്ഷത വഹിക്കും. കലാകൗമുദി ഡയറക്ടര്‍ ഡോ. കസ്്തൂരി ബായി പദ്ധതി വിശദീകരിക്കും. പ്രിന്‍സിപ്പല്‍
എച്ച്.എം. ജെ. രാജശ്രീ, അഡീഷണല്‍ എച്ച്.എം. വിന്‍സ്റ്റി സി.എം, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ആഭ എ.എം, സ്‌കൂള്‍ പാര്‍ലമെന്റ് സെക്രട്ടറി ദേവി ചന്ദന എന്നിവര്‍ ആശംസകള്‍ നേരും. അക്ഷരജാലകം പദ്ധതിയനുസരിച്ച് സ്്കൂളിലേക്ക് കലാകൗമുദി പത്രവും ആയുരാരോഗ്യം മാസികയും ആസ്പിരന്റ്
അക്കാഡമി ഡയറക്ടര്‍ ഷിജു രാമകൃഷ്ണന്‍ സമര്‍പ്പിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.എല്‍. പ്രീത സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി നിതാ നായര്‍ ആര്‍ നന്ദിയും പറയും.

കലാകൗമുദി ഇതിനകം ആരംഭിച്ച വിവിധ പദ്ധതികളുടെ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പായും ഗ്രീന്‍ മെസ്സെന്‍ജേഴ്‌സിന് പ്രവര്‍ത്തിക്കാനവസരമുണ്ടാകും. വിളപ്പില്‍ ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ശുചിത്വ പരിസ്ഥിതിസൗഹൃദ മാതൃകാ പഞ്ചായത്താക്കാനുള്ള 'ഹരിതം' പദ്ധതി, ഐ.എം.എയുമായി സഹകരിച്ചുകൊണ്ട്് നടത്തുന്ന 'വാത്സല്യം' പദ്ധതി, തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 'റൈസിംഗ് ട്രിവാന്‍ഡ്രം', ടൂറിസത്തിന്റെ അന്തസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായുള്ള 'വിസ്മയകേരളം' തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം ഇനി ഗീന്‍മെസ്സെന്‍ജേഴ്‌സുമുണ്ടാകും.

 

OTHER SECTIONS