കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

By Anju N P.17 Jan, 2018

imran-azhar

 

 

ചെന്നൈ: നടന്‍ രജനീകാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ കമല്‍ ഹാസനും രംഗത്തെത്തിയിരിക്കുകയാണ്. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് രാമനാഥപുരത്ത് തുടക്കം കുറിച്ചുകൊണ്ടായിരിക്കും പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക.

 

ചടങ്ങില്‍വെച്ച് പാര്‍ട്ടിയുടെ നയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഏറെക്കാലമായി തമിഴ്നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ജനങ്ങളുടെ ആശങ്കകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും അടുത്തറിയാനുള്ള യാത്രയാണിതെന്നും ജനങ്ങളില്‍ കലഹമുണ്ടാക്കാനോ താരപ്രഭാവം കാട്ടുന്നതിനോ വേണ്ടിയല്ല യാത്ര നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളായാണ് യാത്ര പൂര്‍ണമാകുക.

 

OTHER SECTIONS