കനകക്കുന്നില്‍ പൂക്കാലം വരവായി: തിരക്കില്‍ മുങ്ങി് നഗരം

By Online Desk .12 01 2019

imran-azhar

 

 

തിരുവനന്തപുരം: വസന്തോത്സവത്തിന്റെ രണ്ടാം ദിനം ആഘോഷമാക്കി മാറ്റി നഗരം. കനകക്കുന്നിലും പരിസര പ്രദേശങ്ങളിലും പ്രദര്‍ശനത്തിനെത്തിയവരെയും അവരുടെ വാഹനങ്ങളെയും കൊണ്ട് വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് തിരക്ക് തുടങ്ങിയത്.

 

ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആളുകള്‍ കൂട്ടമായെത്തി. മ്യൂസിയം സന്ദര്‍ശിക്കാനായി മറ്റു ജില്ലകളില്‍ നിന്നെത്തിയവരും കനകക്കുന്നിലെ പുഷ്‌പോത്സവം കാണാനെത്തി. ഇതോടെ വന്‍ഗതാഗത കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.

 

തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ സി.സി.റ്റി.വി ക്യാമറ ഉള്‍പ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രവേശനകവാടത്തില്‍ അഞ്ചോളം പോലീസുകാര്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നുമുണ്ട്. ടിക്കറ്റ് എടുത്ത് എത്തുന്നവരെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് കനകക്കുന്നിലേക്ക് കയറ്റി വിടുന്നത്.

 

കനകക്കുന്നിനോട് ചേര്‍ന്നുള്ള ഇട റോഡുകളിലെല്ലാം വൈകിട്ടോടെ വസന്തോത്സവത്തിനെത്തിയവരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. സ്‌കൂള്‍ അവധി ദിനമായതിനാല്‍ കുട്ടികളെയും കൂട്ടി രക്ഷിതാക്കളും കാഴ്ച്ചക്കാരായി എത്തി. മ്യൂസിയം പോലീസാണ് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ മുന്‍കൈ എടുക്കുന്നത്. കൂടാതെ ഹോം ഗാര്‍ഡുകളും രംഗത്തുണ്ട്.

 

പൂര്‍ണ്ണമായും ഹരിതചട്ട പാലിച്ചാണ് വസന്തോത്സവത്തിന്റെ നടത്തിപ്പ്. ഇതിന്റെ ഭാഗമായി കനകക്കുന്നിലും സൂര്യകാന്തിയിലും പ്ലാസ്റ്റിക് നിരോധനമാണ് നടപ്പിലാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തുന്നവരെ ലക്ഷ്യമിട്ട് പ്രവേശന കവാടത്തില്‍ ജില്ലാ ശുചിത്വമിഷന്റെ കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി വരുന്നവര്‍ക്ക് കിയോസ്‌കില്‍ അവ ഏല്‍പ്പിക്കാം. പ്രദര്‍ശനം കണ്ട് തിരികെയിറങ്ങുമ്പോള്‍ തിരികെ വാങ്ങാം. അവ അകത്തേക്കു കൊണ്ടുപോയേ മതിയാകൂ എങ്കില്‍ 10 രൂപയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു നല്‍കും. പിന്നീട് സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പി കാണിച്ചു പണം തിരികെ വാങ്ങാം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പ്രദര്‍ശനം കാണാനെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.

 

 

OTHER SECTIONS