കരമന കൊലപാതകം: 11 പേര്‍ പിടിയില്‍

By online desk.15 03 2019

imran-azhar

 

 

തിരുവനന്തപുരം: കരമനയില്‍ കൊഞ്ചിറവിള അനന്തുഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ 6 പ്രതികള്‍ കൂടി അറസ്റ്റിലായി. വിനീത്, കുഞ്ഞുവാവ, അനീഷ്, വിഷ്ണു, ഹരി, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പൂവാറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആകെ 11 പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇനി രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി ചെന്നൈയിലും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പിടിയിലായവരില്‍ നിന്ന് നഗരത്തിലെ ലഹരിമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭ്യമായിട്ടുണ്ട്.

 

തലയോട്ടി തകര്‍ന്നതാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരമാസകലം ഏല്‍പ്പിച്ച മാരമായ മുറിവുകളും മരണത്തിന് കാരണമായി. തലയിലും കൈയിലുമായി ആഴത്തിലുളള അഞ്ച് മുറിവുകളാണ്ടായിരുന്നത്. കൈകളിലെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്നു.


കരിക്ക്, കമ്പ്, കല്ല് എന്നിവ ഉപയോഗിച്ചാണ് മര്‍ദ്ദനമേല്‍പ്പിച്ചത് ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊളിഞ്ഞ കെട്ടിടത്തിന്റെ കരിങ്കല്‍ ഭിത്തിയില്‍ ചേര്‍ത്തുവച്ച് ഏറെ നേരം മര്‍ദ്ദിച്ചതായും പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് പ്രതികള്‍ അതിക്രൂരമായ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.


അനന്തുവിനെ തട്ടിക്കൊണ്ടുപോയ സമയത്ത് പൊലിസിനെ വിവരം ധരിപ്പിച്ചെങ്കിലും അന്വേഷണം ഊര്‍ജിതമാക്കിയില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്ന വാദം. തളിയല്‍ അരശുംമൂട് നിന്ന് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് വേണ്ട ഗൗരവത്തില്‍ ഇതിനെ കണ്ടില്ലെന്നാണ് ബന്ധുക്കള്‍ അഭിപ്രായപ്പെടുന്നത്. രാത്രിയോടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷമാണ് പൊലീസ് കാര്യമായ അന്വേഷണം ആരംഭിച്ചത്. ആദ്യ പരാതി ലഭിച്ചപ്പോള്‍ തന്നെ സിസിടിവി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇയാളെ കണ്ടെത്താമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.


മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും അതു സാധിച്ചില്ല. അനന്തുവിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് മൊബൈലില്‍ വിളിച്ചപ്പോള്‍ ഫോണില്‍ നിന്ന് അനന്തുവിന്റെ നിലവിളി ശബ്ദമാണ് കേട്ടത്. എന്നാല്‍ രണ്ടാമത് വിളിച്ചപ്പോള്‍ മൊബൈല്‍ ഓഫ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ സുഹൃത്തുക്കള്‍ നീറമണ്‍കരയില്‍നിന്ന് അനന്തുവിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ മുഴുവന്‍ പ്രതികളേയും കോടതിയില്‍ ഹാജരാക്കി.

OTHER SECTIONS