ഇന്ന് കാർഗിൽ വിജയ് ദിവസ്; രാജ്യം മഹാവിജയത്തിന്റെ വീരസ്മരണയിൽ

By sisira.26 07 2021

imran-azhar

 

 

 

 

ഇന്ന് 'കാർഗിൽ വിജയ് ദിവസ്'. കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്.

 

ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ചങ്കൂറ്റം ആയുധമാക്കിക്കൊണ്ട് ഇന്ത്യ തിരിച്ചുപിടിച്ചു.

 

ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.

 

1999 മേയിൽ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു.

 

നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരിൽനിന്ന്‌ സൈന്യത്തിന് വിവരം ലഭിച്ചു. തുടർന്ന് ഇവരെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.

 

സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. വൈകാതെ ഇന്ത്യൻ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. 'ഓപ്പറേഷൻ വിജയ്'.

 


യുദ്ധത്തിന്റെ നാൾവഴി

 

*1999 മേയ് 5-15 ഇന്ത്യൻസേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിനെത്തി. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി.

 

* മേയ് 25- കാർഗിൽ, ദ്രാസ്, ബതാലിക്, മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണം ആരംഭിച്ചു.

 

* മേയ് 26- വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാകിസ്താൻ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാകിസ്താൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു.

 

* മേയ് 28- മിഗ് 27 ഹെലികോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു.

 

* ജൂൺ 3- ലെഫ്റ്റനന്റ് കേണൽ നചികേതയെ പാകിസ്താൻ ഇന്ത്യക്ക്‌ കൈമാറി

 

* ജൂൺ 6- കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം

 

* ജൂൺ 10- ആറുപട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താൻ ഇന്ത്യക്ക്‌ കൈമാറി

 

* ജൂൺ 13- താലോലിങ് കൊടുമുടി ഇന്ത്യൻസേന പിടിച്ചെടുത്തു

 

* ജൂലായ് 4- ഇന്ത്യൻസേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു.

 

* ജൂലായ് 11- നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിൻമാറ്റം തുടങ്ങി. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണപിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു.

 

* ജൂലായ് 14- ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.

 

ഇന്ത്യയുടെ പോരാളികൾ

 

വ്യോമസേന

മിഗ് 27

മിഗ് 21

എം.ഐ. 17

മിറാഷ് 2000

ജാഗ്വാർ

മിഗ് 25

കരസേന

155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്‌സ് തോക്കുകൾ

105 എം.എം. ഫീൽഡ് ഗൺ

160 എം.എം. മോർട്ടോർ

122 എം.എം. മോർട്ടോർ

ബി.എം. 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ

* ആകെ 2.5 ലക്ഷം ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും

* ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും നിറയൊഴിച്ചു.

* രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത് 527 പേർ

 

ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയൻപട പരാജയം സമ്മതിച്ചു.

 

തോലോലിങ്, ഹംപ് പോയിൻറ്, ടൈഗർഹിൽ തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യൻ പതാക വീണ്ടും ഉയർന്നു പാറി.

 

കാർഗിലിൽ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടർന്നു. 84 ദിവസങ്ങൾ നീണ്ട ആ മഹായുദ്ധത്തിൽ 527 ധീരജവാന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. രക്തസാക്ഷികൾക്ക് മരണമില്ല, അവർ വരും തലമുറകൾക്ക് ഊർജമാണ്, കരുത്താണ്..

OTHER SECTIONS