നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി ബിജെപി; കനത്ത തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ്

By online desk.09 12 2019

imran-azhar

 

 

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാനായത് ബിജെപിയുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. ജെഡിഎസിന് ഒരു സീറ്റിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

 

ഒരിടത്ത് ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത് കുമാര്‍ ബച്ചെഗൗഡയാണ് ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ എം.ടി.ബി നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗര്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റും ഹുനസുരു ജെഡിഎസിന്റെ സിറ്റിങ് സീറ്റുമായിരുന്നു.

 

ഉപതെരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകള്‍ ഉള്‍പെടെ ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമുണ്ട്. നേരത്തെ, 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ 12 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രിസ്ഥാനവും ലഭിക്കാം. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് വിവരം.

 

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 17ല്‍ 15 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ആ തെരഞ്ഞെടുപ്പിലെ ഫലം എന്തുതന്നെയായാലും യെദ്യൂരപ്പ സര്‍ക്കാരിനെ ബാധിക്കുകയില്ല. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 222 ആയി. 112 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോള്‍ 118 പേരുടെ പിന്തുണയായി.

 

 

 

OTHER SECTIONS