അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ, കശ്മീര്‍ ജനതയെ വെറുതേ വിടൂ; ഗവര്‍ണറുടെ ആഹ്വാനം വിവാദത്തില്‍

By mathew.22 07 2019

imran-azhar


ശ്രീനഗര്‍: പ്രസംഗത്തിനിടെയ്ക്ക് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലണമെന്ന് ഭീകരരോട് ആഹ്വാനം ചെയ്ത ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവാദത്തില്‍.

നിഷ്‌കളങ്കരായ ജനങ്ങളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന് പകരം അഴിമതിയും ജനവഞ്ചനയും നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തകരെ കൊല്ലാന്‍ ഭീകരരോട് ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയാണ് മാലിക് നടത്തിയത്. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെയാണ് നിങ്ങള്‍ ശത്രുക്കളായി കാണേണ്ടത്. അത്തരക്കാരെയാരെയെങ്കിലും നിങ്ങള്‍ കൊന്നിട്ടുണ്ടോ എന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമുതല്‍ കട്ടെടുത്ത് ആസ്തികള്‍ വാങ്ങിക്കൂട്ടി സമ്പന്നരാകുന്നതിനാലാണ് കശ്മീരിലെ നേതാക്കള്‍ക്ക് പൊതുജനസമ്മതി കുറയുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ കാരണം സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നുവെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഭീകരരോട് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച മാലിക്കിനെതിരെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ജമ്മു കശ്മീരിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ അത് ഗവര്‍ണരുടെ പ്രേരണയാലാണെന്ന് ഓര്‍മയുണ്ടാകണമെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

 

OTHER SECTIONS