കവടിയാറില്‍ ഭാരത്പെട്രോളിയം പമ്പിനു നേരെ ഗുണ്ടാ ആക്രമണം

By online desk .07 07 2020

imran-azhar

 

തിരുവനന്തപുരം: കവടിയാറില്‍ ഭാരത്പെട്രോളിയം പമ്പിനു നേരെ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്. വര്‍ക്കലയിലെ ബാര്‍ ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. അക്രമി സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ എയര്‍ അടിച്ച് നല്‍കാന്‍ വൈകിയതായി ആരോപിച്ചാണ് കാറില്‍ നിന്നിറങ്ങിയ സംഘം പമ്പ് ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ ആക്രമണം നടത്തിയത്.

 

പെട്രോള്‍ പമ്പ് ഉടമ ദീപു കരുണാകരനും മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും നേരെയാണ് ആക്രമണം നടന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ മാനേജര്‍ ആശുപത്രിയിലാണ്. ആക്രമണത്തെക്കുറിച്ച് മ്യൂസിയം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തും മുന്‍പ് തന്നെ സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

രാജ്ഭവന് നേരെ മുന്നിലുള്ള അതിസുരക്ഷാ മേഖലയിലാണ് ഗുണ്ടാ ആക്രമണം നടന്നത്. രാജ് ഭവനും ചീഫ് സെക്രട്ടറിയുടെ വീടിനുമൊക്കെ നേര്‍ എതിര്‍വശത്താണ് പമ്പ് ഉള്ളത്. അതിസുരക്ഷാ മേഖലയില്‍ നടന്ന ആക്രമണം പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. വര്‍ക്കലയിലെ ബാര്‍ ഉടമയായ ശ്യാം.എസ്.ജയന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. കെ.എല്‍.01 സികെ 3333 സ്വിഫ്റ്റ് കാറിലാണ് ആക്രമി സംഘം വന്നത്. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അക്രമണത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് മ്യൂസിയം എസ്ഐ.ശ്യാംരാജ് പറഞ്ഞു.

 

 

 

OTHER SECTIONS