വന്യജീവി ആക്രമണങ്ങള്‍ക്ക് തട ; കെല്‍പാമിന്റെ പള്‍മെറാ ഫെന്‍സിംഗ് നടപ്പായി

By ബി.വി. അരുണ്‍ കുമാര്‍.09 07 2020

imran-azhar

 

 

 

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കെല്‍പാമിന്റെ പള്‍മെറാ ഫെന്‍സിംഗ്. പൈലറ്റ് പദ്ധതിക്ക് കൊട്ടിയൂര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള പന്ന്യാമലയില്‍ തുടക്കമായി. ഈമാസം നാലിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പന വച്ചുപിടിപ്പിക്കുന്നത്. ഇതിനായി 4000 തൈകള്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്റ്റ് എലിഫന്റ് എന്ന ഫണ്ടില്‍ നിന്നാണ് ഇതിനായി സംസ്ഥാനത്തിന് തുക അനുവദിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിനു കീഴിലുള്ള കെല്‍പാമാണ് പദ്ധതി നടത്തിപ്പുകാര്‍. 2019 ജൂലൈയിലാണ് കെല്‍പാം മന്ത്രി ഇ.പി. ജയരാജന് പദ്ധതി സമര്‍പ്പിച്ചത്. തുടര്‍ന്നു നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് പദ്ധതി പൈലറ്റടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. കൊട്ടിയൂരിലേത് വിജയകരമായാല്‍ കൂടുതല്‍ മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 25 ലക്ഷം രൂപയാണ് വനംവകുപ്പിന് കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതില്‍ 21 ലക്ഷം രൂപ കണ്ണൂരിലെ പദ്ധതിക്കായി കെല്‍പാമിന് കൈമാറി.


കടലാക്രമണത്തിനും വന്യജീവി ആക്രമണവും തടയുന്നതിനു വേണ്ടിയാണ് കെല്‍പാം പള്‍മെറാ ഫെന്‍സിംഗ് എന്ന ആശയവുമായി മുന്നോട്ടു വന്നത്. എന്നാല്‍ കടല്‍ത്തീരത്ത് പന വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണം അത് തത്കാലം മാറ്റിവയ്ക്കുകയായിരുന്നു. വിശദമായ പഠനം അതിനാവശ്യമാണെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി.


വന്യജീവി ആക്രമണം ഏറെയും നടക്കുന്നത് വനമേഖലയിലാണ്. അതിനാല്‍ അവരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പള്‍മെറാ ഫെന്‍സിംഗ് പദ്ധതി നടപ്പാക്കാനാകൂ. വ്യവസായ വകുപ്പ് വനംവകുപ്പുമായി സംയോജിച്ചാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് കെല്‍പാം അധികൃതര്‍ അറിയിച്ചു. 75,000 പനത്തൈകള്‍ നിലവില്‍ കെല്‍പാമിന്റെ കൈയിലുണ്ട്. വരുന്ന മഴക്കാലത്തിനു മുമ്പ് പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് കെല്‍പ്പാം ലക്ഷ്യമിടുന്നത്. വനംവകുപ്പുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പനത്തൈകളുടെ പരിപാലനം ഒരുവര്‍ഷത്തേക്ക് കെല്‍പാം നേരിട്ടു നടത്തും. ഓരോ മൂന്നുമാസം കൂടുന്തോറും അതിന് വളമിടേണ്ടതുണ്ട്. മാത്രമല്ല പനയുടെ സാങ്കേതിക വശങ്ങള്‍ വനംവകുപ്പിന് അറിയില്ല. അതിനാലാണ് ഒരുവര്‍ഷത്തെ പരിപാലനം കെല്‍പാം നേരിട്ടു നടത്തുന്നത്. പദ്ധതിക്കായി നേരത്തെ പ്രൊഫ. എ.സി. രാജന്റെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിരുന്നു. അവരാണ് പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. പന വലുതാകാന്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും വേണം. എന്നാല്‍ മാത്രമേ അതിന്റെ ഗുണം ലഭിക്കൂ.

 

ആദിവാസി കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി

 

പന വളര്‍ന്ന് വലുതാകുമ്പോള്‍ നൊങ്കും നീരയും കെല്‍പാം നേരിട്ടെടുക്കും. ഇതിനും ആദിവാസികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതിയുടെ ആദ്യ അഞ്ചുവര്‍ഷം തൈകള്‍ നട്ടു പരിപാലിച്ചും ഒന്നു നശിച്ചാല്‍ അതേ പ്രായത്തിലുള്ളത് നട്ടുപിടിപ്പിച്ചും വേനല്‍ക്കാലത്ത് പരിചരണവും ജലസേചനവും പ്രത്യേകം നല്‍കണം. അതിന് ആദിവാസികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. അഞ്ചുവര്‍ഷത്തിനു ശേഷം പനയോല ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പ്രത്യേകം പരിശീലനവും അവര്‍ക്ക് നല്‍കും. ഇവര്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് കെല്‍പാമായിരിക്കും. വിളവെടുപ്പിനു പാകമായാല്‍ സംഭരിക്കുന്നതിനും ഇവര്‍ക്കാകും ചുമതല. ഈ പനകളില്‍ നിന്ന് കെല്‍പാം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ പഞ്ചസാര, കരിപ്പട്ടി, സ്‌ക്വാഷ്, കല്‍ക്കണ്ടം എന്നിവ ഉല്പാദിപ്പിക്കും. ഇതോടെ ഓരോ ആദിവാസി കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് ജോലി എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയും യാഥാര്‍ത്ഥ്യമാകും. മലയോരങ്ങളില്‍ കൈതക്കൃഷിയും, വൈദ്യുതവേലിയും പരീക്ഷിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടതോടെയാണ് കെല്‍പാം ഈ ഉദ്യമം ഏറ്റെടുത്തത്.

 


വനവും കൃഷിമേഖലയും ഒന്നായി ചേരുന്ന വനാതിര്‍ത്തി മേഖലയില്‍ ഒന്ന്, രണ്ട് അനുപാതത്തില്‍ പനകള്‍ വച്ചുപിടിപ്പിക്കണം. ഇത് പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ രണ്ടു മരങ്ങള്‍ തമ്മിലുള്ള അകലം 50 സെ. മീറ്ററായി കുറഞ്ഞ് ഒരു പൊതുവേലിയായി പനകള്‍ മാറും. ഇതോടെ വനത്തില്‍ നിന്ന് നാട്ടിലേക്ക് ആന ഉള്‍പ്പെടെയുള്ളവയ്ക്ക് കയറാനാകില്ല.

 

 

OTHER SECTIONS