സ്ഥാനാര്‍ത്ഥിപ്പട്ടിക: ജാതി ചോദിക്കുന്നു ഞാന്‍ സോദരാ

By Arunkumar B V .01 03 2021

imran-azhar

 

 

തിരുവനന്തപുരം: മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കിക്കൊണ്ടിരിക്കെ ജാതി മത പരിഗണനാ ചിന്തകളും രാഷ്ട്രീയ ഉപശാലകളില്‍ ഉയര്‍ന്നുതുടങ്ങി. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ മുസ്ലിങ്ങള്‍ 26.56 ശതമാനം ആണ്. ഈഴവര്‍ 23 ശതമാനവും. ക്രിസ്ത്യാനികള്‍ 8.38 ശതമാനവും നായര്‍ സമുദായം 13 ശതമാനവുമാണ്.

 

മുസ്ലിം ലീഗ് കഴിഞ്ഞ തവണ 25 സീറ്റില്‍ മത്സരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് 14 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായി. അങ്ങനെ മുസ്ലിങ്ങള്‍ക്കായി നീക്കിവച്ചത് 39 സീറ്റ്. അതേസമയം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഈഴവ സമുദായത്തില്‍ നിന്ന് 13 സ്ഥാനാര്‍ത്ഥികളാണുണ്ടായത്. ഇതില്‍ കോന്നിയില്‍ നിന്ന് അടൂര്‍ പ്രകാശ് മാത്രമാണ് വിജയിച്ചത്.

 

1977ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 39 ഈഴവരാണ് മത്സരിക്കാനുണ്ടായിരുന്നത്. 1996 ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ 22 പേര്‍ക്കാണ് മത്സരിക്കാന്‍ അവസരം ലഭിച്ചത്. അതില്‍ അഞ്ചുപേര്‍ മന്ത്രിമാരുമായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വെറും മൂന്നുപേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. അതില്‍ രണ്ടുപേര്‍ മന്ത്രിമാരുമായി. ഈ അംഗസംഖ്യ ശോഷിച്ച് ഇല്ലാതായിരിക്കുകയാണിപ്പോള്‍.

 

അടൂര്‍ പ്രകാശിനെ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിപ്പിച്ചപ്പോള്‍ പകരം മറ്റൊരു ഈഴവ സമുദായത്തില്‍പ്പെട്ട ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ചെവിക്കൊണ്ടില്ല. അവിടെ വിജയം സിപിഎമ്മായിരുന്നു. അവര്‍ മത്സരിപ്പിച്ചത് ഈഴവ സമുദായത്തില്‍പ്പെട്ട യുവ നേതാവിനെയായിരുന്നു.

 

കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഈഴവ സമുദായത്തില്‍പ്പെട്ട പാര്‍ട്ടി നേതാക്കള്‍ക്ക് വച്ചുനീട്ടുന്നത് വിജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ്. ഈഴവ സമുദായത്തിന് ഏറെ സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെ ഒന്നോ രണ്ടോ സീറ്റ് മാത്രമാണ് ഈഴവര്‍ക്കായി നല്‍കാറുള്ളത്. ബാക്കി മറ്റു സമുദായങ്ങള്‍ക്കായി വീതംവച്ചു നല്‍കുന്നു. ഇത് കടുത്ത അവഗണനയാണെന്ന് കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ ആരോപിക്കുന്നു.

 

എല്‍ഡിഎഫ് മന്ത്രിസഭ ഈഴവ സമുദായത്തിന് അര്‍ഹമായ പിന്തുണ നല്‍കി. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കാന്‍ കേരളത്തില്‍ മാറിമാറി വന്ന ഒരു മന്ത്രിസഭയും ചങ്കൂറ്റം കാണിച്ചില്ല. അത് യാഥാര്‍ഥ്യമാക്കിയത് പിണറായി വിജയനാണ്. അങ്ങനെയുള്ളൊരാള്‍ക്കെതിരെ താന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് വെള്ളാപ്പള്ളി ചോദിക്കുന്നത്.

 

ഈഴവരെ തഴഞ്ഞാല്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും ഫലമെന്ന് കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ പറയുന്നു. സംസ്ഥാനത്തെ സീറ്റുകള്‍ രണ്ട് ഗ്രൂപ്പു നേതാക്കള്‍ തമ്മില്‍ വീതംവച്ചെടുക്കുന്നുവെന്നാണ് പൊതുവെയുള്ള ആക്ഷേപം. അവര്‍ സ്വന്തം സമുദായാംഗങ്ങളെ മത്സരിപ്പിക്കാനുള്ള മത്സരത്തിലാണ്. അതുകൊണ്ടാണ് ഈഴവ സമുദായം തഴയപ്പെടുന്നതെന്നും ആരോപണമുണ്ട്.

 

 

OTHER SECTIONS