ക​ന​ത്ത മ​ഴയിലും ചോരാത്ത ആവേശം; കൊട്ടിക്കലാശം പൊടിപൊടിച്ചു

By Sooraj Surendran.19 10 2019

imran-azhar

 

 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള പരസ്യ പ്രചാരണം ആവേശോജ്വലമായ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. കനത്ത മഴയിലും ചോരാത്ത ആവേശത്തോടെ പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ പലയിടത്തും കനത്ത മഴയെ അവഗണിച്ചാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. മൂന്ന് മുന്നണികളും നഗരവീഥികളിൽ ആടിത്തിമിർത്തു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്.

 

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് ആണ്, യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറും, എൻഡിഎ സ്ഥാനാർഥി എസ് സുരേഷുമാണ്. വട്ടിയൂർക്കാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ അവസാന നിമിഷത്തിൽ ഒഴിവാക്കി എസ് സുരേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വിവാദപരമായ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

 

എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, അരൂർ, കോന്നി എന്നി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശത്തിനിടെ കോന്നിയിൽ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. അതേസമയം പേരൂർക്കടയിൽ വിവിധ സംസ്കാരിക കലാരൂപങ്ങളെ അണിനിരത്തി സ്ഥാനാർത്ഥികളും പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. റോഡ് ഷോകളും ജംഗ്ഷൻ മീറ്റിങ്ങുകളുമായി കൊട്ടിക്കലാശം ആവേശത്തോടെ കൊടിയിറങ്ങി.

 

OTHER SECTIONS