കേരളകോണ്‍ഗ്രസ്(എം) ഭാരവാഹികളെ തിരഞ്ഞെടുത്തു; ഒരാള്‍ക്ക് ഒരു പദവി മാത്രം

By Anju.22 Apr, 2018

imran-azhar

 

അണികളേക്കാള്‍ നേതാക്കള്‍ എന്ന പതിവ് രീതീയില്‍ നിന്നും മാറിയാണ് ഇത്തവണ കേരളകോണ്‍ഗ്രസ്(എം) ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുമ്പ് 68 ജനറല്‍ സെക്രട്ടറിമാരുണ്ടായിരുന്നെങ്കില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആക്കി ചുരുക്കി. പഴയ നേതാക്കളെ അത്രകണ്ട് തളളാതെയും യുവാക്കളെ ഉള്‍പ്പെടുത്തിയുമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കെഎം മാണി ചെയര്‍മാന്‍ സ്ഥാനത്തും പിജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തും തുടരും. സിഎഫ് തോമസ്, ജോസ് കെ മാണി, തോമസ് ജോസഫ് എന്നിവരും തല്‍സ്ഥാനങ്ങളില്‍ തുടരും.

 

ഉന്നതാധികാര സമിതിയിലെ അംഗങ്ങളുടെ എണ്ണം 23ല്‍ നിന്നും 29 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഫീസ് ചുമതലയുളള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എംപിക്ക് ഉന്നതാധികാര സമിതിയിലും അംഗത്വം നല്‍കി. ഇതോടെ ജോയ് എബ്രഹാമിനു മാത്രം ഇരട്ടപ്പദവിയായി.

 

സംസ്ഥാനകമ്മിറ്റിയിലെ നാനൂറ് അംഗങ്ങളില്‍ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്ത്. യൂത്ത് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റുമാര്‍ക്കും കൂടുതല്‍ പരിഗണന കിട്ടിയിട്ടുണ്ട്. അതേസമയം 111 പേരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയും എക്‌സിക്യുട്ടീവും പിന്നീട് തിരഞ്ഞെടുക്കും.