വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ

By Sarath Surendran.24 09 2018

imran-azhar

 

തിരുവനന്തപുരം : പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായ ദുരന്ത നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ് മുമ്പാകെ റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റേയും എ. ഡി. ബിയുടെ സംഘം സന്ദർശിച്ചതിന്റേയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടർമാരുമായി ചർച്ച ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. 


ദേശീയ സംസ്ഥാന പാതകളുടെ പുനസ്ഥാപനത്തിന് 8550 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 5216 കോടി രൂപയും ജീവനോപാധി പുനസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വീടുകളുടെ പുനസ്ഥാപനത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2093 കോടി രൂപയും വേണ്ടിവരും. ജലവിഭവം, പൊതുകെട്ടിടങ്ങൾ, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനസ്ഥാപിക്കുന്നതിനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ഭേദഗതികൾ നിർദ്ദേശിച്ചു. ഇതുകൂടി ഉൾപ്പെടുത്തി ഒക്‌ടോബർ ഒന്നിന് അന്തിമ റിപ്പോർട്ട് നൽകും. 


ലോകബാങ്കിന്റേയും എ.ഡി.ബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.

 

OTHER SECTIONS