നാപ്കിന്‍ സഹായം ചോദിച്ചപ്പോള്‍ അശ്ളീല കമന്റ് പറഞ്ഞ യുവാവിനെ ലുലു പുറത്താക്കി ; മാപ്പ് പറഞ്ഞ് യുവാവ് രംഗത്ത്

By BINDU PP .20 Aug, 2018

imran-azhar

 

 

സലാല: പ്രളയക്കെടുതിക്കിടെ ദുരിതാശ്വാസ കാമ്ബില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചു നല്‍കാന്‍ അഭ്യാര്‍ത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞ യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ തനിക്ക് മദ്യലഹരിയില്‍ പറ്റിയ അബദ്ധമാണെന്നും എല്ലാവരും മാപ്പാക്കണമെന്നും രാഹുല്‍ സി പുത്തലത്ത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സാനിട്ടറി നാപ്കിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിന് താഴെ രാഹുലിട്ട കമന്റ് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 

സാനിട്ടറി നാപ്കിനുകള്‍ക്ക് ഒപ്പം ഗര്‍ഭനിരോധന ഉറകള്‍ കൂടി അയക്കണമെന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരുകയും ഇയാളെ ലുലു ഗ്രൂപ്പില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.ലുലു ഗ്രൂപ്പ് സി.എം.ഡി യൂസഫലിയുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ നിരവധി സന്ദേശങ്ങളുമെത്തി. തുടര്‍ന്നാണ് ലുലു ഗ്രൂപ്പ് അടിയന്തര നടപടിയെടുത്തത്. മദ്യപിച്ചപ്പോള്‍ സംഭവിച്ചതാണെന്നായിരുന്നു ഇയാള്‍ ലൈവില്‍ പറഞ്ഞത്. ഇനി മേലില്‍ ഇങ്ങനെ ചെയ്യില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ മസ്കറ്റില്‍ ലുലു മാളില്‍ ജോലി ചെയ്യുന്ന ഇയാളെ പുറത്താക്കിയതായി ലുലു അധികൃതര്‍ അറിയിച്ചു.