എയർ ലിഫ്റ്റിംഗ് സംഘം സജ്ജം, പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ച് സർക്കാർ

By സൂരജ് സുരേന്ദ്രന്‍.18 10 2021

imran-azhar

 

 

തിരുവനന്തപുരം: പ്രകൃതിക്ഷോഭം പ്രതിരോധിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിമാരായ കെ രാജനും വീണ ജോർജും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

 

ഇടുക്കി ഡാമിന്റെ കാര്യത്തിൽ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം നിർദേശിച്ചു. പത്തനംതിട്ടയിൽ എയർ ലിഫ്റ്റിങ് സംഘം ഉൾപ്പെടെ സജ്ജമാണെന്നും മന്ത്രിമാർ പറഞ്ഞു. അതേസമയം ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറക്കണമോ എന്ന് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു.

 

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ക്യാമ്പുകളിൽ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം.

 

പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജൻസികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായും മാറ്റി പാർപ്പിക്കണം.

 

നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങൾ കടത്തി വിടരുത്. പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ അടിയന്തിര സാഹചര്യത്തിൽ തുറക്കേണ്ട ആവശ്യം വരികയാണെങ്കിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.

 

അതിനാൽ ഒരു എൻ ഡി ആർ എഫ് ടീമിനെ ആലപ്പുഴ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

OTHER SECTIONS