വര്‍ഗീയ സംഘര്‍ഷങ്ങള്‍; പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡിജിപി

By Web Desk.13 05 2022

imran-azhar

 

തിരുവനന്തപുരം: വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ശ്രദ്ധിക്കണമെന്നും പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

 

പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് വളരെ മാന്യമായി ഇടപെടണം. ഒരുതരത്തിലുമുളള അഴിമതിയിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികള്‍ ആകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാരും മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണം. മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാന്‍ പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന പോലീസ് മേധാവി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

 

ഇക്കൊല്ലം ജനുവരിമുതല്‍ മൂന്നുമാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി യോഗത്തില്‍ അനില്‍കാന്ത് വിലയിരുത്തി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. പോക്സോ കേസുകള്‍, കൊലപാതകം ഉള്‍പ്പെടെയുളള ക്രൈം കേസുകള്‍ എന്നിവയുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി. എസ്.പിമാര്‍ മുതല്‍ എ.ഡി.ജി.പിമാര്‍ വരെയുളള പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

OTHER SECTIONS