ട്രാഫിക് നിയമലംഘനം: പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കാൻ ഓണ്‍ലൈന്‍ സംവിധാനം

By Web Desk.22 09 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനവുമായി കേരള പോലീസ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ 'ഇ-ചെല്ലാന്‍' ഇന്ന് മുതൽ നിലവിൽ വരും. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

 

നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ കഴിയും. പിഴ അടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറും. തുടര്‍നടപടി വിര്‍ച്വല്‍ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും.

 

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്താകെ ഈ സംവിധാനം വ്യാപിപ്പിക്കും. ഇ-ചെല്ലാന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ജി.ലക്ഷ്മണ്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

 

OTHER SECTIONS