വനിതാ സുരക്ഷാ വർഷo; നിരവധി പദ്ധതികളുമായി കേരളാ പോലീസ്

By online desk.28 01 2020

imran-azhar

 

തിരുവനന്തപുരം: 2020 വനിതാ സുരക്ഷാ വർഷമായി ആചരിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ. ഇതിൻറെ ഭാഗമായി സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി ബെഹ്‌റ അറിയിച്ചു. ജില്ലാ പോലീസ് മേധാവിമാർ ജില്ലാതലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമേയാണിത്. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ: ബി. സന്ധ്യ, ഐ.സി.റ്റി വിഭാഗം എസ്.പി ഡോ ദിവ്യ വി ഗോപിനാഥ്‌ , കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. പൂങ്കുഴലി, വനിതാ ബറ്റാലിയൻ കമാണ്ടൻറ്റ് ഡി.ശില്പ, ശംഖുമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രേ എന്നിവർ അംഗങ്ങളായി സംസ്ഥാനതല സമിതിക്ക് രൂപം നൽകി.

 


സ്ത്രീ സുരക്ഷയ്ക്ക് വനിതാ പോലീസുമാർ ഉൾപ്പെട്ട സംഘം ഇനി മുതൽ പെട്രോളിങ്ങിന് നിരത്തിറങ്ങും. രണ്ടു വനിതാ പോലീസുമാർ ഉൾപ്പെട്ട സംഘം ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ-കോളേജ് പരിസരങ്ങൾ, ചന്തകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ ഇരുവാഹനങ്ങളിലോ നടന്നോ പെട്രോളിംഗ് നടത്തും. രാവിലെയും ഉച്ചകഴിഞ്ഞും സ്കൂൾ സമയങ്ങളിലും വൈകുന്നേരവും രാത്രി 11 മണിക്കും വെളുപ്പിന് അഞ്ചു മണിക്ക് ഇടയ്ക്കുള്ള സമയത്തും രണ്ടു മണിക്കൂർ വീതമാണ് പെട്രോളിംഗ്. പെൺകുട്ടികളോട് അവർ നേരിടുന്ന അതിക്രമങ്ങളും സുരക്ഷാ ഭീക്ഷണികളും ചോദിച്ചറിഞ്ഞു സംഘം നടപടി സ്വീകരിക്കും. ഇതിനായി വനിതാ ബറ്റാലിയനിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും ആവശ്യത്തിന് പൊലീസുകാരെ തെരെഞ്ഞെടുത്തു പരിശീലനം നൽകും.

 

വനിതാ പോലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും. അവർ ഇനി മുതൽ താലൂക് സർവ്വീസ് ലീഗൽ അതോറിറ്റിയുമായി ചേർന്ന് നിയമ അവബോധന ക്ലാസുകൾ സംഘടിപ്പിക്കും. സന്ദർശനത്തിനിടയിൽ അവർ കാണുന്ന പരാതിക്കാരുടെയും സ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ക്രൈം ഡ്രൈവ് ആപ്പിൽ ഉൾപ്പെടുത്തും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ കഴിയും. എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ പോലീസ് സ്റ്റേഷനുകൾ കേസ് അന്വേഷണത്തിലും സഹായിക്കും. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പു വരുത്തും. വനിതാ സെല്ലുകളിൽ നിന്നുള്ള ഒരു വനിതാ ഇൻസ്‌പെക്ടറെ ഉൾപ്പെടുത്തി റെയ്‌ഞ്ച് തലത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണ സംഘത്തിന് രൂപം നൽകും.

 

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ ഇനിമുതൽ ഈ സംഘം അന്വേഷിക്കും. റെയ്ഞ്ച് ഡി.ഐ.ജി ആയിരിക്കും ടീമിന്റെ മേൽനോട്ടം വഹിക്കുന്നത്. ഇക്കൊല്ലം അവസാനത്തോടെ വലിയ ജില്ലകളിൽ അഞ്ചു ലക്ഷം സ്ത്രീകൾക്കും ചെറിയ ജില്ലകളിൽ രണ്ടു ലക്ഷം വനിതകൾക്കും പരിശീലനം നൽകും. രാത്രിയാത്ര സുരക്ഷിതമാക്കുന്നതിനു കൊല്ലം ജില്ലയിൽ നടപ്പാക്കിയ സുരക്ഷിത എന്ന പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. വനിതാ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പോക്സോ കേസുകൾ, ബാലനീതി നിയമം, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പദ്ധതികൾ തയ്യാറാക്കും.

 

മുതിർന്ന പൗരന്മാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കും. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികവും മാനസികവുമായി വൈകല്യമുള്ള സ്ത്രീകളെയും വനിതാ പോലീസ് സംഘം സന്ദർശിച്ചു ക്ഷേമാന്വേഷണം നടത്തും. മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് പെൺകുട്ടികളുടെ ഇടയിൽ ബോധവത്ക്കരണo നടത്തും.

 

 

OTHER SECTIONS