സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കരുത്തറിയിച്ചു സായിയിലെ ചുണക്കുട്ടികള്‍

By Sarath Surendran.17 10 2018

imran-azhar

 തിരുവനന്തപുരം : തിരുവനന്തപുരത്തു നടന്ന അറുപത്തിരണ്ടാമതു സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ചുണക്കുട്ടികള്‍ തലസ്ഥാനത്തിന്റെ അഭിമാനമായി. സംസ്ഥാന മീറ്റില്‍ 21 സ്വര്‍ണവുമായി പോയിന്റ് നിലയില്‍ ഒന്നാമതെത്തിയ എറണാകുളത്തേക്കാള്‍ സ്വര്‍ണ വേട്ടയില്‍ മുന്നിലെത്തിയത് മൂന്നാമതായ തിരുവനന്തപുരം ആയിരുന്നു. തിരുവനന്തപുരം ജില്ലയുടെ 26 സ്വര്‍ണ്ണമെഡലുകളില്‍ 21 എണ്ണവും സായിയുടെ മിടുക്കര്‍ സ്വന്തമാക്കിയതാണ്. 20 വ്യക്തിഗത മെഡലുകളും ഒരു റിലേ സ്വര്‍ണവുമാണ് ഇവര്‍ നേടിയത്. ഏഴു വ്യക്തിഗത മെഡലുകള്‍ അടക്കം എട്ടു വെള്ളിയും രണ്ടു വെങ്കലവും കൂടി ചേര്‍ക്കപ്പെടുമ്പോള്‍ ഇവരുടെ മെഡല്‍കരുത്തിനു തിളക്കം ഏറുകയാണ്. ഇതില്‍ ഇരുപതു പേര്‍ ദേശീയമേളയിലേക്കു സെലക്ഷന്‍ നേടുകയും ചെയ്തു.

 

ആണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 100 , 200 മീറ്ററുകളിലും റിലേയിലും മീറ്റ് റെക്കോഡോടെ ഹാട്രിക് സ്വര്‍ണം നേടി അഭിനവ് . സി തലസ്ഥാനത്തിന്റെ അഭിമാനമായി. 2009 മേളയില്‍ 100 മീറ്ററില്‍ സുജിത് കുട്ടന്‍ സ്ഥാപിച്ച 10 . 89 സെക്കന്റിന്റെ റെക്കോഡാണ്തിരുവന്തപുരം സായിയില്‍ പീസ് . പി. യുടെ കീഴില്‍ പരിശീലനം നേടുന്ന ഈ പ്ലസ് ടു വിദ്യാര്‍ത്ഥി 10 .77 സെക്കന്‍ഡില്‍ മറി കടന്നത്. ഈയിനത്തില്‍ പഴയ റെക്കോഡ് മറികടന്നു 10 .84 സെക്കന്‍ഡില്‍ രണ്ടാമതായി ഓടിയെത്തിയ ബിജിത്തും പീസിന്റെ തന്നെ ട്രെയിനിയാണ്. സായി പരിശീലകന്‍ ജോയ് ജോസെഫിന്റെ ശിഷ്യന്‍ അഭിനന്ദ് സുന്ദരേശന്‍ പുതിയ മീറ്റ് റെക്കോഡോടെ 1500 മീറ്ററില്‍ നേടിയ സ്വര്ണത്തോടൊപ്പം 5000 മീറ്ററിലെ സ്വര്‍ണവും ചേര്‍ന്നപ്പോള്‍ ഇരട്ട നേട്ടത്തിനുടമയായി. എം എ ജോര്‍ജ് പരിശീലിപ്പിക്കുന്ന ആദിത്യകുമാര്‍ സിംഗ് ലോങ്ങ് ജമ്പില്‍ പുതിയ മീറ്റ് റെക്കോഡോടെയാണ് ദേശീയ മേളയിലേക്കു സെലക്ഷന്‍ നേടിയത്. 100 മീറ്ററിലെ സ്വര്‍ണവും കൂടി ചേര്‍ന്നപ്പോള്‍ ഈ മിടുക്കന്റെ മെഡല്‍ തിളക്കത്തിന് മാറ്റു കൂടി. മീറ്റ് റെക്കോഡുകളുടെ കളികൂട്ടുകാരിയായ മേഘ മറിയം മാത്യു ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഷോട്ട് പുട്ടില്‍ പുതിയ റെക്കോഡുമായി ദേശീയ മേളയിലേക്കു പോകാന്‍ തയാറെടുക്കുകയാണ് ഈ മിടുക്കി. വിക്ടര്‍ ലിയോ ഫെര്‍ണാണ്ടസാണ് സായിയില്‍ മേഘയെ പരിശീലിപ്പിക്കുന്നത്.