KERALA

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്; 5275 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലെർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലയ്ക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ 1 തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഡിസംബർ 2 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സോളാറില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം തനിക്കില്ല: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് വിവാദത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. തനിക്കെതിരെ ഉയരുന്ന ലൈംഗികാരോപണത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. നിലവിൽ സോളാർ കേസിൽ പുതിയ അന്വേഷണം വേണമെന്ന് നിലപാട് തനിക്കില്ലെന്നും, ആരോപണങ്ങളിൽ ദുഃഖിക്കുന്ന ആളല്ല താനെന്നും, സത്യം തെളിയുമ്പോൾ അമിതമായി സന്തോഷിക്കാറില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട തന്റെ പേരിൽ ലൈംഗികാരോപണം ഉയരുന്നതിന് പിന്നിൽ ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്ക് ; ഉദ്യോഗസ്ഥരിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എ എം. രവീന്ദ്രന്റെ ബന്ധുക്കളെന്ന് കെ. സുരേന്ദ്രൻ

കോട്ടയം: തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉദ്യോഗസ്ഥരിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എ എം. രവീന്ദ്രന്റെ ബന്ധുക്കൾ ആണെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് കോവിഡ് ബാധിച്ചതിൽ ദുരൂഹതയുണ്ട്. രവീന്ദ്രനെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിലെ സ്ഥിതി​ഗതികൾ വിവരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റായ‌ എൻ. വാസു. 13529 തീർഥാടകരാണ് ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്താനെത്തിയത്.ഇന്നലെ വരെ നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഓപ്പറേഷന്‍ ബചത് : കെഎസ്എഫ്ഇയില്‍ വന്‍ ക്രമക്കേട്, ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിലും ക്രമക്കേട്. ഓപ്പറേഷന്‍ ബചതിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലും സ്വര്‍ണപ്പണയവും സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് രഹസ്യ പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന നടത്തിയത്. 40 ശാഖകളില്‍ നടത്തിയ പരിശോധനയില്‍ 35 ഇടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലാണ് ഗുരുതരമായ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയിരിക്കുന്നത്.

Show More