അഭിപ്രായ വ്യത്യാസമുള്ളവരെ കൊലപ്പെടുത്തുന്ന സാഹചര്യം അപകടകരമെന്ന് ബോംബെ ഹൈക്കോടതി.

By Anju N P.13 Oct, 2017

imran-azhar

 

 

മുംബൈ: പ്രതിപക്ഷത്തു നില്‍ക്കുന്നവരെ കൊലപ്പെടുത്തുക എന്നത് വളരെ അപകടകരമായ സാഹചര്യമാണെന്ന് ബോംബെ ഹൈക്കോടതി. ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.


അഭിപ്രായപ്രകടനങ്ങളോടുള്ള ഈ നടപടി രാജ്യത്തിന് അപമാനകരമാണെന്നും കോടതി നിരീക്ഷിച്ചു. വ്യത്യസ്തമായ അഭിപ്രായം പറയുന്നതിന്റെ പേരില്‍ ആക്രമങ്ങള്‍ക്കിരയാകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ബുദ്ധിജീവികള്‍ മാത്രമല്ല, ഇത്തരം നിലപാടുകളുള്ള വ്യക്തികളും സംഘടനകളുമെല്ലാം അക്രമിക്കപ്പെട്ടേക്കാം- കോടതി നിരീക്ഷിച്ചു.

 

കൊല്ലപ്പെട്ട യുക്തിവാദികളും എഴുത്തുകാരുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. ജസ്റ്റിസുമാരായ എസ്. സി ധര്‍മാധികാരി, വിഭ കങ്കന്‍വാഡി എന്നിവരാണ് എതിരഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഈ കേസുകളിലെ പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ തവണയും ഈ കേസ് പരിഗണിച്ച് കോടതി പിരിഞ്ഞതിനു ശേഷവും വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവുകയാണ്. ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.കൊലപാതകം നടത്തുന്നവര്‍ക്ക് സംഘടനാപരവും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭിക്കുന്നുണ്ട്. കൊലപാതകികള്‍ക്ക് പ്രോത്സാഹകമായ സാഹചര്യമുണ്ടാവുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


ധാബോല്‍ക്കറെ വധിച്ചത് വിനായക് പവാര്‍, സാരംഗ് അകോല്‍ക്കര്‍ എന്നവരാണെന്ന് സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ധാബോല്‍ക്കറുടെയും പന്‍സാരയുടെയും മരണം സംബന്ധിച്ച് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

OTHER SECTIONS