കൊച്ചി മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും: പിണറായി

By praveen prasannan.19 May, 2017

imran-azhar

കണ്ണൂര്‍: കൊച്ചി മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

പ്രധാനമന്ത്രിയെയാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനത്തിന് സമയം മാറ്റിവയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം മേയ് 30ന് നടക്കുമെന്നുള്ളത് തെറ്റായ വാര്‍ത്തയാണ്~ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെ സംബന്ധിച്ച് ആലോചിക്കേണ്ടതുള്ളൂ. പ്രധാനമന്ത്രിയുടെ സൌകര്യത്തിനൊത്ത തീയതിക്കായി കാത്തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മേയ് 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വിവാദമായതോടെ മുഖ്യമന്ത്രി പുതിയ നിലപാട് വ്യക്തമാക്കുകയായിരുന്നു.