നഗരത്തിന് പൂക്കാലമൊരുക്കി കൊച്ചിന്‍ ഫ്ളവര്‍ഷോ

By S R Krishnan.03 Jan, 2017

imran-azharകൊച്ചി: നഗരത്തിന് പൂക്കാലം സമ്മാനിച്ച് കൊച്ചിന്‍ ഫ്ളവര്‍ഷോയ്ക്ക് ശനിയാഴ്ച്ച എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കം. ഫ്ളവര്‍ഷോയുടെ 35-ാം പതിപ്പാണിത്. മുപ്പതിനായിരത്തിലേറെ പൂച്ചെടികളാണ് ഇക്കുറി പ്രദര്‍ശനത്തിനുണ്ടാകുക. കാശ്മീരി റോസ് അടക്കം 2000ലേറെ പനിനീര്‍ച്ചെടികള്‍, ആയിരത്തിലേറെ തായ്ലന്‍ഡ് ഓര്‍ക്കിഡുകള്‍, ഗ്രാഫ്റ്റ് ചെയ്ത അഥീനിയം, പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പ്രിന്‍സ് സെറ്റിയ, വിവിധ ഇനം ജമന്തികള്‍ എന്നിവയും പുഷ്പ, സസ്യ പ്രേമികളുടെ മനം കവരും. ബോണ്‍സായി ചെടികള്‍ക്കും ഔഷധച്ചെടികള്‍ക്കുമുള്ള പ്രത്യേക വിഭാഗമാണ് ഈ വര്‍ഷത്തെ പുഷ്പമേളയുടെ മറ്റൊരു പ്രത്യേകത. നക്ഷത്രവൃക്ഷങ്ങളില്‍ തല്‍പ്പരരായവര്‍ക്കായി അതിനും പ്രത്യേക വിഭാഗമുണ്ട്. മാല്‍പീജിയ ചെടികള്‍ ഉപയോഗിച്ച് മൃഗങ്ങളുടെയും ഹൃദയത്തിന്റെയും രൂപത്തില്‍ വളര്‍ത്തിയെടുത്ത ടോപിയറി കലാരൂപങ്ങള്‍, തൂക്കിയിട്ട് വളര്‍ത്താനാകുന്ന ഗോളാകൃതിയിലുള്ള ചെടികള്‍, പാഴ്വസ്തുക്കളില്‍ നിന്നും രൂപപ്പെടുത്തിയ ഉദ്യാനം, അഗ്രി ക്ലിനിക്ക് എന്നിവയും പുഷ്പമേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും. സംസ്ഥാന കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം, നാളികേര വികസന ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി പൂന്തോട്ട, അടുക്കളത്തോട്ട മത്സരവും സംഘടിപ്പിക്കും. പുഷ്പമേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4.30ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.

OTHER SECTIONS