കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു : കോടിയേരി

By Abhirami Sajikumar.16 May, 2018

imran-azhar

ചെങ്ങന്നൂര്‍ : മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണാടകത്തില്‍ അവര്‍ക്കുണ്ടായ തിരിച്ചടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് കൂടുതല്‍ അനുകൂലമായ മാറ്റം ഉണ്ടാക്കും, കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ‌് ഫലം. നരേന്ദ്രമോദി തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചപ്പോള്‍ നേരിടാന്‍ രാഹുല്‍ഗാന്ധി ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി താനാണ് യാഥാര്‍ഥ ഹിന്ദു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. 

ആര്‍എസ്‌എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാരിനേ കഴിയൂവെന്ന് ദേശീയതലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. വര്‍ഗീയതയെ നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി ചെങ്ങന്നൂരിലെ ജനങ്ങള്‍ വിധിയെഴുതുമെന്നും കോടിയേരി പറഞ്ഞു.

OTHER SECTIONS