മയ്യനാട് റെയില്‍വേ സ്റ്റേഷനെ ഹാള്‍ട്ട്സ്റ്റേഷന്‍ ആക്കിയതില്‍ പ്രതിഷേധം ശക്തം

By വീണ വിശ്വന്‍.27 10 2020

imran-azhar

കൊല്ലം : മയ്യനാട് റെയില്‍വേ സ്റ്റേഷനെ തരംതാഴ്ത്തി ഹാള്‍ട്ട്സ്റ്റേഷന്‍ ആക്കിയതില്‍ പ്രതിഷേധം ശക്തം. വേണാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കുന്നതിനൊപ്പം ഹാള്‍ട്ട് സ്റ്റേഷനാക്കിയ നടപടി പിന്‍വലിക്കണമെന്നതുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം. ഇതിന് പുറമേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലുമുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും സ്റ്റേഷനില്‍ ക്ലാര്‍ക്ക് ഇന്‍ ചാര്‍ജിനെ നിയമിക്കണമെന്നും ആവശ്യങ്ങളും നിരന്തരം ഉയരുന്നുണ്ട്.


ഹാള്‍ സ്റ്റേഷനാക്കുന്ന തീരുമാനത്തിന് പിന്നാലെ സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനത്തിനുള്ള ഉപകരണങ്ങളും ഓഫിസ് സാധന സാമഗ്രികളും മാറ്റിത്തുടങ്ങിയിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇനി കരാര്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് നല്‍കുന്ന വ്യക്തി മാത്രമായിരിക്കും ഉണ്ടാകുക.സിഗ്‌നല്‍ സംവിധാനം കൊല്ലത്താണ് നിയന്ത്രിക്കുന്നത്. എന്നാല്‍ ഹാള്‍ട്ട് സ്റ്റേഷനാക്കിയതിനാല്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നതെങ്കിലും സ്റ്റേഷനും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുമെന്ന ഭയപ്പാടിലാണു നാട്ടുകാരും യാത്രക്കാരും. നിലവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പുറമേ കണ്ണൂര്‍ എക്സ്പ്രസ്, ഇന്റര്‍ സിറ്റി എക്സ് പ്രസ് എന്നിവയ്ക്കും മയ്യനാട് സ്റ്റോപ്പുണ്ടായിരുന്നു.

 

അതേസമയം മയ്യനാട് റയില്‍വേ സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് പുനസ്ഥാപിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നുവെന്നും നടപടികള്‍ വൈകുന്നതിനാല്‍ അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കലാകൗമുദിയോട് വ്യക്തമാക്കി. ഡല്‍ഹിയില്‍ റെയില്‍വേ ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ആദ്യം ഉറപ്പ് ലഭിച്ചത്. സ്പെഷ്യല്‍ ട്രെയിനായാണ് ഇപ്പോള്‍ വേണാട് സര്‍വീസ് നടത്തുന്നത്. മയ്യനാട് സ്റ്റേഷനിലെ സ്റ്റോപ്പ് നിര്‍ത്തലാക്കിയത് ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

മയ്യനാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍, ബി.ജെ.പി. മയ്യനാട് സൗത്ത് ഏരിയ കമ്മിറ്റി, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. മയ്യനാട് സ്റ്റേഷനോട് റെയില്‍വേ കാണിക്കുന്ന തുടര്‍ച്ചയായ അവഗണനയിലും വേണാട് എക്സ്പ്രസിന്റെ മയ്യനാട് സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മയ്യനാട് ഗ്രാമം റെയില്‍വേയ്ക്കെതിരേ റെഡ് മാര്‍ക്ക് കാമ്പെയിനും നടത്തി. മയ്യനാട് വഴി വേണാട് എക്സ്പ്രസ് കടന്നുപോയ സമയം പരവൂര്‍ മുതല്‍ കൊല്ലംവരെയുള്ള തീവണ്ടിപ്പാതയുടെ ഇരുവശവും താമസിക്കുന്ന ജനങ്ങള്‍ അവരവരുടെ വീടുകളില്‍നിന്ന് ചുവപ്പ് പ്രകാശം തെളിച്ചും ചുവന്ന അടയാളമുയര്‍ത്തിയുമാണ് പ്രതിഷേധിച്ചത്.

 

OTHER SECTIONS